മഡ്രിഡ്: കാൽനൂറ്റാണ്ടു നീണ്ട കാത്തിരിപ്പിനു ശേഷം സ്പാനിഷ് ലാ ലിഗ ഒന്നാം ഡിവിഷൻ പോരാട്ട നിരയിലേക്ക് തിരികെയെത്തിയ റയൽ ഒവീഡോയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് റയൽ മഡ്രിഡിന്റെ വിജയകുതിപ്പ്. കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളിന്റെയും വിനീഷ്യസ് ജൂനിയറിന്റെ ഇഞ്ചുറി ടൈം ഗോളിന്റെയും മികവിലായിരുന്നു റയൽ മിന്നും ജയം ആവർത്തിച്ചത്. കളിയുടെ 37ാം മിനിറ്റിലായിരുന്നു എംബാപ്പെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ റോഡ്രിഗോയെ പിൻവലിച്ച് വിനീഷ്യസ് ജൂനിയറിനെ കളത്തിലിറക്കിയതിനു പിന്നാലെ എംബാപ്പെയുടെ ബൂട്ടിന് വീണ്ടും ഗോൾ വേഗം കൈവന്നു. 83ാം മിനിറ്റിൽ ബോക്സിന്റെ ഡി സർക്കിളിന് മുന്നിൽ നിന്നും വിനീഷ്യസ് നൽകിയ ക്രോസാണ് എംബാപ്പെയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ഇഞ്ചുറി ടൈമിലായിരുന്നു മൂന്നാം ഗോളിന്റെ പിറവി. ബ്രാഹിം ഡയസ് നൽകിയ ക്രോസിൽ നിന്നായിരുന്നു മിന്നൽ ഫിനിഷിങ്ങിലൂടെ വിനീഷ്യസിന്റെ ഗോൾ.
ആദ്യ മത്സരത്തിൽ ഒസാസുനയെ നേരിട്ടെ ടീമിൽ നിന്നും കാര്യമായ മാറ്റങ്ങളോടെയാണ് കോച്ച് സാബി അലോൻസോ െപ്ലയിങ് ഇലവനെ സജ്ജമാക്കിയത്. റോഡ്രിഗോ, ഡാനി കാർവഹാൽ എന്നിവരെ െപ്ലയിങ് ഇലവനിലിറക്കിയപ്പോൾ വിനീഷ്യസ് ജൂനിയും ട്രെന്റ് അലക്സാണ്ടർ അർനോൾഡും ബെഞ്ചിലിരുന്നു. രണ്ടാം പകുതിയിൽ ഇരുവരെയും കളത്തിലിറക്കി ടീമിനെ വിജയ വഴിയിലേക്ക് നയിക്കനും ഈ തന്ത്രത്തിന് കഴിഞ്ഞു.
അർജന്റീനയിൽ നിന്നും റയൽ സ്വന്തമാക്കിയ കൗമാര താരം ഫ്രാങ്കോ മസ്റ്റൻന്റുവാനോക്ക് കോച് സാബി അരങ്ങേറാനും അവസരം നൽകി. െപ്ലയിങ് ഇലവനിൽ ഇടം നേടിയ ഫ്രാങ്കോ 63 മിനിറ്റു വരെ കളത്തിൽ നിറഞ്ഞു കളിച്ചാണ് തന്റെ സാന്നിധ്യം അറിയിച്ചത്. എംബാപ്പെയും റോഡ്രിഗോയും ഗൂലറും നയിച്ച മുന്നേറ്റത്തിനു നടുവിൽ പണിയെടുത്ത ഫ്രാങ്കോയുടെ മനോഹരമായ ഡ്രിബ്ലിങ് മികവിനും മത്സരം സാക്ഷ്യം വഹിച്ചു.
പ്രീമിയർ ലീഗ്: യുനൈറ്റഡിനെ തളച്ച് ഫുൾഹാം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ രണ്ടാം മത്സരത്തിലും ജയമില്ലാതെ മാഞ്ചസ്റ്റർ യുനൈറ്റഡ്. ഫുൾഹാമിന്റെ തട്ടകത്തിൽ യുനൈറ്റഡ് 1-1 സമനില വഴങ്ങി. 58ാം മിനിറ്റിൽ ഫുൾഹാം താരം റോഡ്രിഗോ മുനീസിന്റെ പേരിൽ രേഖപ്പെടുത്തിയ സെൽഫ് ഗോളിൽ സന്ദർശകർ മുന്നിലെത്തിയെങ്കിലും സ്മിത്ത് റോവേ (73) ഒപ്പം പിടിച്ചു. ആദ്യ കളിയിൽ യുനൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ആഴ്സനലിനോട് തോറ്റിരുന്നു.