എംബാപ്പെ ക്രിസ്റ്റ്യാനോയുടെ റെക്കോഡിനൊപ്പം, ‘സിയൂ’ ആഘോഷവും; സെവിയ്യയെ തകർത്ത് ബാഴ്സയുമായുള്ള ലീഡ് കുറച്ച് റയൽ

മഡ്രിഡ്: സൂപ്പർതാരം കിലിയൻ എംബാപ്പെ പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡിനൊപ്പമെത്തിയ ലാ ലീഗ മത്സരത്തിൽ റയൽ മഡ്രിഡിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ സെവിയ്യയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ തകർത്തത്.

ജയത്തോടെ ബദ്ധവൈരികളായ ബാഴ്സലോണയുമായുള്ള ലീഡ് കുറച്ചു. മത്സരത്തിൽ എംബാപ്പെ വലകുലുക്കിയതോടെ റയലിനായി ഒരു കലണ്ടർ വർഷം 59 ഗോളുകളെന്ന ക്രിസ്റ്റ്യാനോയുടെ റെക്കോഡിനൊപ്പമെത്തി. 86ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ഫ്രഞ്ച് സ്ട്രൈക്കർ ലക്ഷ്യംകണ്ടത്. താരത്തിന്‍റെ 27ാം ജന്മദിനത്തിലായിരുന്നു അപൂർവ നേട്ടം. 2013 സീസണിൽ 50 മത്സരങ്ങളിൽനിന്നാണ് ക്രിസ്റ്റ്യാനോ ഈ നേട്ടം കൈവരിച്ചത്. ഏഴ് ഹാട്രിക്കും 14 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ടായിരുന്നു. ബ്രസീൽ താരം റോഡ്രിഗോയെ ജുവാൻലു സാഞ്ചസ് ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി നൽകിയത്. കിക്കെടുത്ത എംബാപ്പെ പന്ത് അനായാസം വലയിലാക്കി.

പിന്നാലെ ക്രിസ്റ്റ്യാനോയുടെ ട്രേഡ് മാർക്കായ പതിവ് സിയൂ സ്റ്റൈലിലാണ് എംബാപ്പെ ഗോളാഘോഷം നടത്തിയത്. 58 മത്സരങ്ങളിൽനിന്നാണ് താരം 59 ഗോളുകൾ നേടിയത്. അഞ്ച് ഹാട്രിക്കും അഞ്ചു അസിസ്റ്റുകളും ഇതിൽ ഉൾപ്പെടും. ഇംഗ്ലീഷ് പ്രതിരോധ താരം ജൂഡ് ബെല്ലിങ്ഹാമിലൂടെയാണ് (38ാം മിനിറ്റിൽ) റയൽ ആദ്യം ലീഡെടുത്തത്. റോഡ്രിഗോയെടുത്ത ഫ്രീകിക്ക് ഒരു മനോഹര ഹെഡ്ഡറിലൂടെ താരം വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 68ാം മിനിറ്റിൽ ബ്രസീൽ താരം മാർകോസ് ടെയ്സീറ ബെല്ലിങ്ഹാമിനെ ഗുരുതര ടാക്കിൾ ചെയ്ത് വീഴ്ത്തിയതിന് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെ സെവിയ്യ അരമണിക്കൂറോളം പത്തുപേരുമായാണ് കളിച്ചത്.

റയൽ മഡ്രിഡിനായി ഗോൾ നേടാൻ കഴിയുന്നതിലും ടീമിന്‍റെ ജയത്തിലും വലിയ സന്തോഷമുണ്ടെന്നും ഗോളാഘോഷം ക്രിസ്റ്റ്യാനോക്ക് സമർപ്പിക്കുന്നതായും എംബാപ്പെ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു. 17 മത്സരങ്ങളിൽനിന്ന് 43 പോയന്‍റുള്ള ബാഴ്സയാണ് ഒന്നാം സ്ഥാനത്ത്. ഒരു മത്സരം അധികം കളിച്ച റയൽ 42 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്.



© Madhyamam