കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ ഫോഴ്‌സ കൊച്ചി എഫ്.സിക്ക് തുടർച്ചയായ ആറാം തോൽവി. മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്.സിയാണ് 6-2ന് കൊച്ചിയെ തകർത്തത്. ആറ് കളികളിൽ 11 പോയന്റുമായി കാലിക്കറ്റ് ഒന്നാം സ്ഥാനത്തേക്ക് കയറി. ആറ് കളിയും തോറ്റ കൊച്ചി പോയന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്ത്.
കാലിക്കറ്റ് എഫ്.സിക്കായി യുവതാരം മുഹമ്മദ് അജ്സൽ ഹാട്രിക് നേടി. ക്യാപ്റ്റൻ കെ. പ്രശാന്ത് രണ്ടും സിമിൻലെൻ ഡെങ്കൽ ഒരു ഗോളുമടിച്ചു. കൊച്ചിയുടെ രണ്ട് ഗോളുകളും ഡച്ചുകാരൻ റൊണാൾഡ് വാൻ കെസലിന്റെ വകയായിരുന്നു.
19ാം മിനിറ്റിലാണ് കാലിക്കറ്റ് ആദ്യ വെടി പൊട്ടിച്ചത്. പ്രശാന്തിന്റെ പാസിൽനിന്നായിരുന്നു അജ്സലിന്റെ ഗോൾ. 34ാം മിനിറ്റിൽ അജ്സലിന്റെയും കാലിക്കറ്റിന്റെയും രണ്ടാം ഗോൾ എത്തി. മധ്യനിരയിൽ നിന്ന് ആസിഫ് നൽകിയ പാസ് അജ്സൽ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. ആറ് മിനിറ്റിനകം കാലിക്കറ്റ് വീണ്ടും ഗോളടിച്ചു. മുഹമ്മദ് റിയാസിന്റെ ക്രോസിൽ പ്രശാന്തിന്റെ സുപ്പർ ഫിനിഷിങ്. ആദ്യപകുതി അവസാനിക്കാനിരിക്കെ അജ്സൽ ഹാട്രിക്ക് നേടി. ഇതോടെ അഞ്ച് ഗോളുമായി അജ്സൽ ടോപ് സ്കോറർ സ്ഥാനത്തേക്ക് ഉയർന്നു.
69ാം മിനിറ്റിൽ കൊച്ചിയുടെ ഗോൾ. അമോസിന്റെ ക്രോസ് ഗോളിലേക്ക് വിട്ടത് റൊണാൾഡ് വാൻ കെസൽ. 84ാം മിനിറ്റിൽ ആസിഫിന്റെ പാസിൽ സിമിൻലെൻ ഡെംഗൽ കാലിക്കറ്റിന്റെ അഞ്ചാം ഗോളടിച്ചു. കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേ പ്രശാന്ത് തന്റെ രണ്ടാം ഗോളുമടിച്ചതോടെ സ്കോർ ആറായി. ഇഞ്ചുറി സമയത്ത് വാൻ കെസൽ ഒരു ഗോൾ കൂടി നേടി കൊച്ചിയുടെ പരാജയഭാരം കുറച്ചു.
വാരിയേഴ്സ് കൊമ്പന്മാരോട്
കണ്ണൂർ: അലകടലായി ഒഴുകിയെത്തിയ കളിക്കമ്പക്കാരുടെ ആവേശത്തിരയുടെ ആരവമടങ്ങും മുമ്പേ കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വീണ്ടുമൊരങ്കം. സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ സ്വന്തം തട്ടകത്തിൽ രണ്ടാം പോരിനിറങ്ങുന്ന കണ്ണൂർ വാരിയേഴ്സ് തിങ്കളാഴ്ച രാത്രി 7.30ന് തിരുവനന്തപുരം കൊമ്പൻസിനെ നേരിടും.
സെമിയിലേക്ക് ടിക്കറ്റുറപ്പിക്കാൻ ആതിഥേയർ കോപ്പുകൂട്ടുമ്പോൾ ആദ്യ പാദത്തിൽ സ്വന്തം വേദിയിൽ പിണഞ്ഞ തോൽവിക്ക് കണക്ക് തീർക്കുകയാണ് കൊമ്പന്മാരുടെ ലക്ഷ്യം. അഞ്ച് കളികളിൽ നാല് പോയന്റ് മാത്രമുള്ള അവർക്ക് നോക്കൗട്ട് പ്രതീക്ഷ നിലനിർത്തണമെങ്കിൽ ജയം അനിവാര്യമാണ്. അഞ്ചാമതാണ് കൊമ്പൻസ്. തോൽവിയറിയാത്ത കണ്ണൂർ ഒമ്പത് പോയന്റോടെ നാലാമതും.
