ഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിൽ ക്വാർട്ടർ ഉറപ്പിച്ച് കേരളം. ഗ്രൂപ്പ് റൗണ്ടിലെ നാലാം മത്സരത്തിൽ മേഘാലയയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് വീഴ്ത്തിയാണ് കേരളം അവസാന എട്ടിലെത്തിയത്.
മുഹമ്മദ് സിനാൻ, മുഹമ്മദ് റിസായ്, മുഹമ്മദ് അജ്സൽ എന്നിവരാണ് വലകുലുക്കിയത്. ജയത്തോടെ നാല് കളികളിൽനിന്ന് 10 പോയന്‍റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ് കേരളം. മത്സരത്തിന്‍റെ 37ാം മിനിറ്റിൽ സിനാനിലൂടെയാണ് കേരളം ലീഡെടുത്തത്.
ബോക്സിന് തൊട്ടു വെളിയിൽനിന്ന് വി. അർജുനെടുത്ത ഫ്രീകിക്കാണ് ഗോളിലെത്തിയത്. ബോക്സിനുള്ളിലേക്ക് ഉയർന്നുവന്ന പന്ത് സിനാൻ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു. 1-0ത്തിനാണ് ഇടവേളക്കു പിരിഞ്ഞത്.
മത്സരത്തിന്‍റെ 79ാം മിനിറ്റിൽ റിയാസിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. ഇടതു പാർശ്വത്തിൽനിന്ന് നായകൻ ജി. സഞ്ജു നൽകിയ പാസാണ് ഗോളിന് വഴിയൊരുക്കിയത്. 85 മിനിറ്റിൽ വിഘ്നേഷിന്റെ മുന്നേറ്റമാണ് മൂന്നാം ഗോളിലെത്തിയത്. ബോക്സിനുള്ളിൽ ദിൽഷാദിന്റെ കാലിൽ തട്ടിയ പന്ത് അജ്സലിലേക്ക്. താരത്തിന് ലക്ഷ്യം തെറ്റിയില്ല, ഷോട്ട് നേരെ വലയിൽ. സ്കോർ 3-0. മേഘാലയയുടെ മറുപടി ഗോളിനുള്ള ശ്രമങ്ങളെല്ലാം കേരളം പ്രതിരോധിച്ചു.
ശനിയാഴ്ച സർവിസസുമായാണ് കേരളത്തിന്‍റെ അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പ് എയിൽനിന്ന് പശ്ചിമ ബംഗാളും ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. നാലു മത്സരങ്ങളിൽനിന്ന് മൂന്നു ജയവും ഒരു തോൽവിയുമായി 10 പോയന്‍റാണ്.
