കണ്ണൂർ: സ്വന്തം തട്ടകത്തിൽ നിർഭാഗ്യം പിന്തുടർന്ന കണ്ണൂർ വാരിയേഴ്സിന് വീണ്ടും തോൽവി. ജവഹർ സ്റ്റേഡിയത്തിൽ നടന്ന നിർണായക സൂപ്പർ ലീഗ് മൽസരത്തിൽ കാലിക്കറ്റ് എഫ്.സിയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചുകയറിയത്. ആദ്യ പകുതിയിൽ സെബാസ്റ്റ്യൻ റിങ്കണും രണ്ടാം പകുതിയിൽ മുഹമ്മദ് ആശിഖും ജേതാക്കൾക്കായി ഗോൾ നേടി.
പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ അഡ്രിയനാണ് പൊരുതി കളിച്ച വാരിയേഴ്സിന്റെ ആശ്വാസ ഗോളടിച്ചത്. തോൽവിയോടെ വാരിയേഴ്സിന്റെ സെമി സാധ്യത മങ്ങി. ഒമ്പത് മൽസരങ്ങളിൽ നിന്ന് 10 പോയന്റ് മാത്രമുള്ള വാരിയേഴ്സിന് അവസാന മൽസരം തൃശൂർ മാജിക് എഫ്.സിയോട് ജയിച്ചാലും മറ്റു മൽസരഫലങ്ങളെ കൂടി ആശ്രയിക്കണം. 20 പോയന്റുമായി കാലിക്കറ്റ് എഫ്.സി ലീഗിൽ ഒന്നാം സ്ഥാനം ഉറപ്പാക്കി.
സെമിയിലെത്താൻ ജയം അനിവാര്യമായ കണ്ണൂർ വാരിയേഴ്സിന്റെ വഴിക്കായിരുന്നില്ല ഇന്നലത്തെയും കളി. ഫോഴ്സ കൊച്ചിയോട് ദയനീയമായി തോറ്റ ടീമിൽ ഏറെ മാറ്റങ്ങൾ വരുത്തിയ ആതിഥേയർ ആദ്യം മുതൽ കാലിക്കറ്റ് ഗോൾ മുഖത്ത് തമ്പടിച്ചുനിന്നെങ്കിലും ഗോളടിക്കുന്നതിൽ മാത്രം അമാന്തം കാട്ടി. നായകൻ ഹജ്മൽ കാവൽ നിന്ന കാലിക്കറ്റ് ഗോൾ വല ഭേദിക്കുന്നതിൽ അവർ നിരന്തരം പരാജയപ്പെട്ടു. അതേ സമയം സെമി ഉറപ്പിച്ചതിനാൽ മുൻനിരക്കാരെ കരക്കിരുത്തിയ കാലിക്കറ്റ് ജയിക്കുന്നതിനപ്പുറം തോൽക്കാതിരിക്കാനാണ് കളിച്ചത്. കളിയുടെ 24-ാം മിനിറ്റിൽ തീർത്തും അപ്രതീക്ഷിതമായിരുന്നു കാലിക്കറ്റിന്റെ ഗോൾ.
ഇടതുപാർശ്വത്തിൽ നിന്ന് ആഷിഖ് അതിമനോഹരമായി നൽകിയ പാസ് സെക്കന്റ് പോസ്റ്റിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന റിങ്കൺ ഗോളിലേക്കുതിർത്തപ്പോൾ ഉബൈദ് നിസ്സഹായനായി. മൽസരത്തിലെ കാലിക്കറ്റിന്റെ ആദ്യത്തെ അപകടകരമായ നീക്കമായിരുന്നു ഗോളിൽ കലാശിച്ചത്. ഗോൾ വഴങ്ങിയതോടെ നിശബ്ദമായ ഗാലറികളിൽ ആവേശം തീർത്ത് 35-ാം മിനിറ്റിൽ മുഹമ്മദ് സിനാൻ പന്ത് കാലിക്കറ്റ് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. തെറ്റായ തീരുമാനത്തിന്റെ ഗോൾ നിഷേധമായിരുന്നു അത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും വാരിയേഴ്സിന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. എന്നാൽ ഗോളിന്റെ മണമുയർത്തിയ പ്രത്യാക്രമണങ്ങളിലൂടെ കാലിക്കറ്റ് വീണ്ടും ഗോളടിച്ചു. 64-ാം മിനിറ്റിൽ അഡ്വാൻസ് ചെയ്ത ഗോളിയെയും കടന്നെത്തിയ റിങ്കണിന്റെ ശ്രമം നിക്കോളാസ് തട്ടിയകറ്റിയ ശേഷം ഇടത് വിങ്ങിൽ സോസ കൊണ്ട് വന്ന് നൽകിയ പന്ത് ആശിഖ് നിഷ്പ്രയാസം വലയിലേക്ക് കോരിയിട്ടു.
രണ്ട് ഗോളിന് പിന്നിലായതോടെ കൂടുതൽ ഉണർന്ന വാരിയേഴ്സിന്റെ നീക്കങ്ങൾക്ക് 74-ാം മിനിറ്റിൽ ഫലം കണ്ടു. ബോക്സിനകത്ത് സോസയുടെ കൈയിൽ തട്ടിയ പെനാൽട്ടി അഡ്രിയാൻ നിഷ്പ്രയാസം ഗോളാക്കി മാറ്റി.
