ജോസ് മൗറീഞ്ഞോ റയൽ മാഡ്രിഡിലേക്ക്; നീക്കങ്ങൾ മാസങ്ങൾക്ക് മുൻപേ തുടങ്ങിയെന്ന് റിപ്പോർട്ട്
ജോസ് മൗറീഞ്ഞോയെ വീണ്ടും റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് എത്തിക്കാനുള്ള നീക്കങ്ങൾ മാസങ്ങൾക്ക് മുൻപേ ആരംഭിച്ചതായി സ്പാനിഷ് മാധ്യമപ്രവർത്തകൻ ഗില്ലെം ബലാഗെ വ്യക്തമാക്കി.
ഷാബി അലോൺസോ പുറത്താക്കപ്പെട്ട സമയം മുതൽ ഇതിനായുള്ള അടിസ്ഥാന പ്രവർത്തനങ്ങൾ നടന്നിരുന്നുവെന്നും, ഫ്ലോറന്റിനോ പെരസ് ഇതിനായി ജോർജ് മെൻഡസുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
എൻസോ മറെസ്കയെയും മൗറീഞ്ഞോയെയും കുറിച്ച് പെരസ് അന്വേഷണം നടത്തിയിരുന്നെങ്കിലും, മൗറീഞ്ഞോയാണ് പ്രധാന പരിഗണനയിലെന്ന് ബലാഗെ പറഞ്ഞു. ജി.എം.എസ് മാർക്കറ്റ് മാഡ്‌നെസ് പോഡ്‌കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഷാബി അലോൺസോ പുറത്തായ നിമിഷം മുതൽ ഇതിനായുള്ള ധാരണകൾ രൂപപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി മുതൽ ജോസ് മൗറീഞ്ഞോ റയൽ മാഡ്രിഡിന്റെ അടുത്ത പരിശീലകനായി എത്തുന്നതിനുള്ള കാര്യങ്ങൾ തയ്യാറാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ എന്തുകൊണ്ട് മൗറീഞ്ഞോ ഏറ്റവും അനുയോജ്യനാണെന്നും ബലാഗെ വിശദീകരിച്ചു. റയൽ മാഡ്രിഡിന്റെ ഡ്രസ്സിങ് റൂമിലെ അച്ചടക്കമില്ലാത്ത അന്തരീക്ഷം ശരിയാക്കാൻ മൗറീഞ്ഞോയെപ്പോലെ ശക്തനായ ഒരു നേതാവിനെ ആവശ്യമാണെന്ന് ഫ്ലോറന്റിനോ പെരസ് വിശ്വസിക്കുന്നു.
ഒരു സാധാരണ പരിശീലക നിയമനത്തിനപ്പുറം, ക്ലബ്ബിന്റെ അധികാരവും നിയന്ത്രണവും തിരികെ കൊണ്ടുവരാൻ കഴിയുന്ന വ്യക്തിയായാണ് റയൽ മാഡ്രിഡ് മൗറീഞ്ഞോയെ കാണുന്നത്. ക്ലബ്ബിന് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ സമയത്ത് അദ്ദേഹം വലിയൊരു മാറ്റം കൊണ്ടുവരുമെന്ന് പെരസ് കരുതുന്നു.
