സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടാനൊരുങ്ങി ജോൺ സ്റ്റോൺസ്


മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ കാലാവധി അവസാനിക്കുന്നതോടെ ജോൺ സ്റ്റോൺസ് ക്ലബ് വിടുമെന്ന് റിപ്പോർട്ട്. ഈ സീസണിന്റെ അവസാനത്തോടെ താരം സിറ്റിയിൽ നിന്ന് പടിയിറങ്ങുമെന്നാണ് കരുതപ്പെടുന്നത്.

ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം, ക്ലബ്ബിന്റെ പദ്ധതികളിൽ അവസാന നിമിഷം മാറ്റങ്ങളൊന്നും വന്നില്ലെങ്കിൽ സ്റ്റോൺസ് ഫ്രീ ഏജന്റായി ടീം വിടും. പെപ് ഗ്വാർഡിയോളയുടെ ടീമിൽ സ്ഥിരത നിലനിർത്താൻ താരത്തിന് സാധിച്ചിരുന്നില്ല. തുടർച്ചയായ പരിക്കുകൾ സ്റ്റോൺസിന്റെ പ്രകടനത്തെ കഴിഞ്ഞ സീസണുകളിൽ കാര്യമായി ബാധിച്ചിരുന്നു.

തന്റെ കരിയറിലെ അടുത്ത ഘട്ടത്തെക്കുറിച്ച് തന്റെ കുടുംബാംഗങ്ങളുമായും പ്രതിനിധികളുമായും ചേർന്ന് സ്റ്റോൺസ് ആലോചിക്കുന്നുണ്ട്. എല്ലാ സാധ്യതകളും താരം പരിഗണിക്കുന്നുണ്ട്.

ഔദ്യോഗികമായി അന്തിമ തീരുമാനമൊന്നും ആയിട്ടില്ലെങ്കിലും, ഈ വേനൽക്കാലത്ത് ദീർഘകാലമായി ക്ലബ്ബിലുള്ള ഈ പ്രതിരോധതാരം പുതിയ അവസരങ്ങൾ തേടി ടീം വിടുമെന്നാണ് മാഞ്ചസ്റ്റർ സിറ്റിക്കുള്ളിലെ പൊതുവായ വിലയിരുത്തൽ.

2016 ഓഗസ്റ്റിലാണ് ഏകദേശം 47.5 ദശലക്ഷം പൗണ്ട് പ്രതിഫലത്തിൽ എവർട്ടണിൽ നിന്ന് ജോൺ സ്റ്റോൺസ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേരുന്നത്. പെപ് ഗ്വാർഡിയോളയുടെ പ്രതിരോധ സംവിധാനത്തിൽ വളരെ പെട്ടെന്നുതന്നെ താരം നിർണ്ണായക സാന്നിധ്യമായി മാറി.

സിറ്റിയിലായിരുന്ന കാലയളവിൽ ആറ് പ്രീമിയർ ലീഗ് കിരീടങ്ങൾ, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പുകൾ, ലീഗ് കപ്പുകൾ എന്നിവയുൾപ്പെടെ 17 പ്രധാന ട്രോഫികൾ താരം ക്ലബ്ബിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

© Madhyamam