ടോക്യോ: ജപ്പാൻ തലസ്ഥാന നഗരിയായ ടേക്യോയിലെ അജിനോമോട്ടോ സ്റ്റേഡിയത്തിൽ സൗഹൃദം കളിക്കാനെത്തിയ കാനറികളെ തരിപ്പണമാക്കി ബ്ലൂസാമുറായ്സിന്റെ അട്ടിമറി.
നാലു ദിവസം മുമ്പ് ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത അഞ്ച് ഗോളിന് തകർത്തതിന്റെ ആവേശവുമായി ജപ്പാനിലേക്ക് പറന്ന ബ്രസീലിനെ 2-3നാണ് ജപ്പാൻ വീഴ്ത്തിയത്. ടോക്യോയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ട് ഗോൾ നേടിയ ലീഡ് സ്വന്തമാക്കിയ കാനറികൾ, രണ്ടാം പകുതിയിൽ വഴങ്ങിയ മൂന്ന് ഗോളിനാണ് ബ്ലൂസാമുറായ്ക്കെതിരെ ചരിത്രത്തിലെ ആദ്യതോൽവി വഴങ്ങിയത് (3-2).
ഏഷ്യൻ ഫുട്ബാളിലെ പവർഹൗസായ ജപ്പാന് ലോകഫുട്ബാളിലെ വമ്പന്മാരായ ബ്രസീലിനെതിരെ നേടുന്ന ആദ്യ ജയം കൂടിയാണിത്.
ടോക്യോയിൽ നടന്ന മത്സരത്തിൽ ബ്രസീൽ കളം വാണ ആദ്യ പകുതിക്കു ശേഷം, രണ്ടാം പകുതിയിലായിരുന്നു ജപ്പാന്റെ അതിശയകരമായ തിരിച്ചുവരവ്. 26ാം മിനിറ്റിൽ ഹെന്റികും, 32ാം മിനിറ്റിൽ ഗബ്രിയേൽ മാർടിനല്ലിയും നേടിയ ഗോളിലൂടെ ആദ്യ 45 മിനിറ്റിൽ ബ്രസീൽ ജപ്പാനെ വിറപ്പിച്ചു. എന്നാൽ, രണ്ടാം പകുതിയിൽ കളി മാറി. പതിവ് പ്രത്യാക്രമണത്തെ ആയുധമാക്കിയ ജപ്പാൻ രണ്ടാം പകുതി തുടങ്ങി മിനിറ്റുകൾക്കകം ഗോൾ നേടിത്തുടങ്ങി. 52ാം മിനിറ്റിൽ തകുമി മിനാമിനോയിലൂടെയായിരുന്നു തുടക്കം. ജപ്പാൻ പ്രതിരോധത്തിലെ 14ാം നമ്പറുകാരൻ ഫാബ്രികോ ബ്രൂണോയുടെ വലിയ പിഴവ് ഗോളിലേക്ക് വഴിയൊരുക്കി. മിസ്പാസിൽ പന്ത് പിടിച്ച മിനാമിനോ അനായാസം വലകുലുക്കുകയായിരുന്നു. 62ാം മിനിറ്റിൽ കെയ്റ്റോ നകാമുറ സമനില പിടിച്ചു. 71ാം മിനിറ്റിൽ ഫെയ്നൂർദ് താരം അയാസേ ഉയേദയുടെ ബൂട്ടിലൂടെ ബ്രസീലിന്റെ തോൽവി ഉറപ്പിച്ച ഗോളുമെത്തി.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം സൗഹൃദ മത്സരങ്ങൾക്കായി പുറപ്പെട്ട ബ്രസീൽ, ആരാധകർക്ക് ആഘോഷിക്കാവുന്ന വിജയമായിരുന്നു ദക്ഷിണ കൊറിയയിൽ കുറിച്ചത്. മികച്ച നീക്കവും കളി മികവുമായി യുവതാരങ്ങൾ അരങ്ങുവാണ അങ്കത്തിൽ അഞ്ച് ഗോളിന് എതിരാളികളെ മുക്കി. കാർലോ ആഞ്ചലോട്ടിക്കു കീഴിൽ കാനറികളുടെ ഉയിർത്തെഴുന്നേൽപ് വരെ ചർച്ചയായെങ്കിലും, ജപ്പാനെതിരായ തോൽവിയോടെ വാക്കുകളെല്ലാം വെറുതെയായയി.
പ്രതിരോധത്തിലെ വലിയ വീഴ്ചയുടെ തെളിവായിരുന്നു തകുമി മിനാമിനോ നേടിയ ജപ്പാന്റെ ആദ്യ ഗോൾ. വിനീഷ്യസ് ജൂനിയർ, മാർടിനല്ലി, ഹെന്റിക്, കാസ്മിറോ, പക്വേറ്റ, ഗ്വിമാറസ് തുടങ്ങിയ വൻ താരങ്ങളെല്ലാം െപ്ലയിങ് ഇലവനിൽ കളത്തിലെത്തി.