ഓർമയുടെ താളിൽ മായാതെ ആ മഴവിൽ ഗോൾ !

മസ്കത്ത്: വർഷം 2014. ഇന്ത്യൻ സൂപ്പർ ലീഗിന്റെ കന്നി സീസൺ. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ എന്നും നെഞ്ചിൽ കൊണ്ടു നടക്കുന്ന ഒരു മുഹൂർത്തങ്ങൾ കളിക്കളത്തിൽ പിറന്ന കാലം. ഐ.എസ്.എല്ലിൽ അന്നും ഇന്നും ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സാണ്. ആദ്യ സീസണിൽ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഇയാൻ ഹ്യൂം നയിച്ച കേരള ബ്ലാസ്റ്റേഴ്സ് മാർക്കോ മറ്റരാസി നയിച്ച ചെന്നൈയിൻ എഫ്.സിയെ നേരിടുന്നു.

27 ആം മിനിറ്റിൽ ഇഷ്ഫാഖ് അഹമ്മദിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയതോടെ ഗാലറിയിൽ ആഘോഷം തുടങ്ങിയിരുന്നു. പിന്നാലെ 29 ആം മിനിറ്റിൽ ആരാധകരുടെ സ്വന്തം ‘ഹ്യൂമേട്ടന്റെ’ വക രണ്ടാം ഗോൾ. മഞ്ഞയിലാടിത്തിമിർത്ത ഗാലറിക്കു മുന്നിൽ ആദ്യ പകുതി അവസാനിക്കുന്നു. രണ്ടാം പകുതിയിൽ ചെന്നൈയിൻ തിരിച്ചടിക്കായി ആക്രമണം കനപ്പിച്ചതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ശക്തിപ്പെടുത്തി തന്ത്രം മെനഞ്ഞു.

കളി 90 മിനിറ്റ് പിന്നിട്ട് നാലു മിനിറ്റിന്റെ ഇഞ്ചുറി ടൈമിൽ. റഫറിയുടെ ലോങ് വിസിലിന് ഏതാനും സെക്കൻഡുകൾ മാത്രം ബാക്കി. ചെന്നൈയിന്റെ മെൻഡിയിൽ നിന്ന് പന്ത് പിടിച്ചെടുത്ത് വ്ലതുവിങ്ങിലൂടെ കേരള ബ്ലാസ്റ്റേഴ്സ് താരം സുശാന്ത്മാത്യുവിന്റെ മുന്നേറ്റം. പന്തുമായി കുതിക്കുന്നതിനിടെ ഇയാൻ ഹ്യുമിന് പാസ്. മധ്യനിരയിൽ എതിർ താരത്തെ കബളിപ്പിച്ച് ഇയാൻ ഹ്യൂം പന്ത് വീണ്ടും സുശാന്തിന് നൽകി. എതിർ ബോക്സിന് മുന്നിൽ പന്ത് സ്വീകരിച്ച സുശാന്തിന്റെ വക ബാക്ക് ഹീലിൽ ഒരു മാന്ത്രിക ടച്ച്. എതിർ താരം നെസ്റ്റയെ ഒന്നു വെട്ടിത്തിരിഞ്ഞ് ബോക്സിന് മുന്നിൽനിന്ന് തന്റെ ഇടംകാലുകൊണ്ട് തൊടുത്ത ഷോട്ട് ഒരു മഴവില്ലുകണക്കെ പോസ്റ്റിന്റെ വലതു മൂലയിലേക്ക് വളഞ്ഞിറങ്ങി.

‘ഇറ്റ്സ് അൺ ബിലീവബ്ൾ !’- ഇംഗ്ലീഷ് കമന്റേറ്ററുടെ ഞെട്ടലിനൊപ്പം സ്റ്റേഡിയവും കോരിത്തരിച്ചു. കാൽപ്പന്തിന്റെ മാന്ത്രികതയിൽ മൈതാനത്തു പിറന്നുവീണ അതിമനോഹരമായ ഗോൾ. ലോകത്തിന്റെ പല കോണുകളിലുമായി തൽസമയം കളി വീക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് മലയാളികൾ ആർത്തുവിളിച്ചു… സുശാന്ത് മാത്യു…! അന്ന് മലയാളത്തിൽ കളി വിവരിച്ചിരുന്ന ഷൈജു ദാമോദരന്റെ കമന്ററി ഇങ്ങനെയായിരുന്നു..‘‘ സുശാന്ത് മാത്യു…ഓ ….സുശാന്ത് മാത്യു….ഒരു മലയാളിയുടെ സൂപ്പർ ഡ്യുപ്പർ ഗോൾ! സുശാന്ത് മാത്യു, ഈ സ്റ്റേഡിയത്തെ ആരവങ്ങളിൽ മുക്കുന്നു…’

മനസ്സിൽ പതിഞ്ഞ മഴവില്ലഴക്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും മികച്ച ഗോളുകളിലൊന്നിന്റെ പിറവിക്കാണ് അന്ന് ആരാധകർ സാക്ഷിയായത്. ഓർക്കുമ്പോൾ ഇപ്പോഴും മനസ്സ് കോരിത്തരിക്കുന്ന ദൃശ്യം. ഓരോ ശരാശരി ബ്ലോസ്റ്റേഴ്സ് ആരാധകനും ഇടക്കിടെ തപ്പിയെടുത്ത് കാണുന്ന വിഡിയോ കൂടിയാണിത്. ഇന്ന് ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം തുടരുമ്പോൾ, ആരാധകർ ആശ്വാസത്തിനായി തേടിയെത്തുന്നതും ആദ്യ സീസണിലെ ഈ കോരിത്തരിപ്പിക്കും പ്രകടനത്തിന്റെ വിഡിയോ ദൃശ്യങ്ങളിലേക്കാണ്. 1995 നവംബർ 25ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സിസേഴ്സ് കപ്പ് ഫൈനലിൽ മലേഷ്യൻ ക്ലബ്ബ് പെർലിസിനെതിരെ ജെ.സി.ടി മിൽസിനു വേണ്ടി

കേരളത്തിന്റെ എക്കാലത്തെയും മികച്ച ഫുട്ബാൾ താരം സാക്ഷാൽ ഐ.എം വിജയൻ നേടിയ സിസർകിക്ക് പോലെ മലയാളി ആരാധകർ നെഞ്ചോടു ചേർത്ത ഗോളായിരുന്നു ഐ.എസ്.എല്ലിൽ സുശാന്ത് മാത്യുവിന്റെ ബൂട്ടിൽനിന്ന് പിറന്നത്. വയനാട് അമ്പലവയൽ സ്വദേശിയായ സുശാന്ത് മാത്യുവിനെ ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഗോൾകൂടിയായിരുന്നു അത്.

അമ്പലവയൽ മുതൽ ഗോകുലം വരെ

1997 ൽ കേരളത്തിലെ ആദ്യത്തെ പ്രഫഷനൽ ഫുട്ബാൾ ക്ലബ്ബായ എഫ്.സി കൊച്ചിനിൽ തുടങ്ങിയതാണ് സുശാന്ത് മാത്യുവിന്റെ പ്രഫഷനൽ കരിയർ. 16–ആം വയസ്സില്‍ കേരള സന്തോഷ് ട്രോഫി ക്യാമ്പിലെത്തിയ സുശാന്തിന്‍റെ കളി മികവു കണ്ട അന്നത്തെ ഒന്നാം നമ്പർ ക്ലബ്ബുകളിലൊന്നായ എഫ്സി കൊച്ചിന്‍ താരത്തെ ടീമിലെടുക്കുകയായിരുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയനൊപ്പം സുശാന്ത് എഫ്സി കൊച്ചിനില്‍ പന്തു തട്ടി. എഫ്സി കൊച്ചിനില്‍ കളിച്ച താരങ്ങളിൽ ഏറ്റവുമൊടുവിൽ കളി അവസാനിപ്പിച്ചതും സുശാന്ത് മാത്യുവാണ്. നീണ്ട 22 വർഷത്തെ കരിയറിന് ശേഷം 2019 നവംബറിൽ ഗോകുലം കേരള താരമായാണ് സുശാന്ത് ബൂട്ടഴിച്ചത്. വയനാട് അമ്പലവയലിലെ ഡൈന എഫ്.സി എന്ന ക്ലബ്ബില്‍നിന്ന് പന്തു തട്ടിത്തുടങ്ങിയ താരം, ഇന്ത്യയിലെ മുന്‍നിര ക്ലബ്ബുകള്‍ക്കെല്ലാം വേണ്ടി ബൂട്ട് കെട്ടി. വാസ്കോ, മഹീന്ദ്ര, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, റങ്ദജീദ് യുനൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി പുണെ സിറ്റി, നെരോക്ക എഫ്.സി, ഗോകുലം കേരള എഫ്.സി തുടങ്ങിയ ക്ലബ്ബുകളിലെല്ലാം കളിച്ചു.

‘ഫുട്ബോള്‍ എനിക്ക് കളി മാത്രമായിരുന്നില്ല. ജീവിതം തന്നെയായിരുന്നു. സ്വപ്നതുല്യമായ ജീവിതമാണ് ഫുട്ബോള്‍ എനിക്ക് നല്‍കിയത്. കളിച്ച ക്ലബ്ബുകള്‍ക്കും പരിശീലിപ്പിച്ചവര്‍ക്കുമെല്ലാം നന്ദി’- വികാരനിര്‍ഭരമായ വിടവാങ്ങല്‍ സന്ദേശത്തില്‍ സുശാന്ത് കുറിച്ചു. 22 വര്‍ഷം പ്രമുഖ ടീമുകളുടെ ഭാഗമായിട്ടും ഒരിക്കല്‍പോലും ദേശീയ ജഴ്സിയിൽ നീലക്കുപ്പായത്തില്‍ സുശാന്തിനെ കാണാൻ മലയാളികൾക്ക് വിധിയുണ്ടായില്ലെന്നത് വിധിവൈപരീത്യം. ഇപ്പോഴും ഫുട്ബാളിൽ സജീവമാണ് സുശാന്ത് മാത്യു. കേരള സൂപ്പർ ലീഗിൽ തൃശൂർ മാജിക് എഫ്സിയുടെ സ്പോർട്ടിങ് ഡയറക്ടറായി കളിയുടെ പാഠങ്ങൾ പകർന്നു നൽകി പുതു തലമുറയെ വാർത്തെടുക്കുന്ന പണിയിലാണ് അദ്ദേഹം.

സുശാന്ത് മസ്കത്തിലേക്ക്

മലയാളിയുടെ മനസ്സിൽ മഴവില്ലഴകിൽ തീർത്ത ഗോൾ പതിപ്പിച്ച സുശാന്ത് മാത്യു മസ്കത്തിലെത്തുകയാണ്. ഒമാൻ സുൽത്താനേറ്റിലെ ഏറ്റവും വലിയ സെവൻസ് ഫുട്ബാൾ ടുർണമെന്റായ സോക്കർ കാർണിവലിൽ വിശിഷ്ടാതിഥിയായാണ് വരവ്. ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന ‘സോക്കർ കാർണിവൽ’ മൂന്നാം എഡിഷൻ ഏപ്രിൽ 16, 17 തീയതികളിൽ ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ അരങ്ങേറും. കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷനുമായി (കെ.എം.എഫ്.എ) സഹകരിച്ച് നടത്തുന്ന സോക്കർ കാർണിവൽ ഒമാനിൽ ഏറ്റവും കൂടുതൽ പ്രൈസ് മണി നൽകുന്ന ടൂർണമെന്റുകൂടിയാണ്. ഫുട്ബാൾ മത്സരങ്ങൾക്കൊപ്പം ഭക്ഷണ വൈവിധ്യങ്ങളും കലാപരിപാടികളും കോർത്തിണക്കി ഒരുക്കുന്ന ഈ മേളയിലേക്ക് പ്രവേശനം പൂർണമായും സൗജന്യമാണ്. വിശിഷ്ടാതിഥികളായി നടൻ ലുക്മാൻ അവറാൻ, നടി ഡയാന ഹമീദ്, സെവൻസ് മെതാനങ്ങളിലെ പ്രശസ്ത കമന്റേറ്റർ റാഷിദ് കോട്ടക്കൽ എന്നിവർ പങ്കെടുക്കും.



© Madhyamam