കേരള ബ്ലാസ്റ്റേഴ്സിനെതിരെ സ്പോർട്ടിങ് ക്ലബ് ഡൽഹിക്കായി ഗോൾ നേടിയ മലയാളി താരം മുഹമ്മദ് അയ്മനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആദ്യ ജയത്തിനായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് തുടരും. ഞായറാഴ്ച ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്പോർട്ടിങ് ക്ലബ് ഡൽഹിയോട് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പരാജയം. പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയ മത്സരത്തിൽ ആതിഥേയർക്കായി മലയാളി താരം മുഹമ്മദ് അയ്മനും (36) മതിജ ബാബോവിച്ചും (90+7) ഗോൾ നേടി. 84ാം മിനിറ്റിൽ ഐബാൻബാ ഡോഹ്ലിങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.
ആദ്യപകുതിയിൽ സെറ്റ് പീസുകളിലൂടെയും മറ്റും ബ്ലാസ്റ്റേഴ്‌സ് ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫൈനൽ തേർഡിലെ പോരായ്മകൾ തിരിച്ചടിയായി. 36ാം മിനിറ്റിൽ വലതുവശത്തുനിന്നുള്ള മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പന്ത് അയ്മൻ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ റൗളിൻ ബോർജസിന് പകരം എബിൻദാസിനെ മധ്യനിരയിൽ കളത്തിലിറക്കി ആക്രമണം ശക്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചു. മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾക്കിടെ എബിൻദാസ് തൊടുത്ത ഷോട്ട് ഗോൾകീപ്പർ നോറ ഫെർണാണ്ടസ് തടഞ്ഞിട്ടു. സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് നിരന്തരം സമ്മർദം ചെലുത്തിയെങ്കിലും ഡൽഹി പ്രതിരോധം ഉറച്ചുനിന്നു. 84ാം മിനിറ്റിൽ പത്ത് പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്‌സിനെതിരെ ഇൻജുറി ടൈമിൽ ബാബോവിച്ചിലൂടെ ഡൽഹി രണ്ടാം ഗോളും നേടി. ഏഴ് മത്സരങ്ങളിൽ ഒരു പോയന്റ് മാത്രമുള്ള മഞ്ഞപ്പട 13ാം സ്ഥാനത്ത് തുടരുകയാണ്. അഞ്ച് പോയന്റുള്ള സ്പോർട്ടിങ് 12ാമതും. ബ്ലാസ്റ്റേഴ്‌സിന് അടുത്തത് എവേ മത്സരമാണ്. ഏപ്രിൽ 11ന് ബംഗളൂരു എഫ്.സിയെ നേരിടും.
