വല്ലാത്തൊരു പത്മവ്യൂഹത്തിലാണ് ഇന്ന് അർജന്റീനയുടെയും ലയണൽ മെസ്സിയുടെയും ആരാധകർ. ഡീഗോ മറഡോണയുടെയും പിന്നാലെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെയും പാേബ്ലാ അയ്മറിന്റെയും കളികണ്ട് തെക്കൻ അമേരിക്കൻ ഫുട്ബാൾ പവറിനൊപ്പം ഒപ്പം കൂടിയവരാണ് മലയാളക്കരയിലേതുൾപ്പെടെ ലോകമെങ്ങുമുള്ള അർജന്റീന ആരാധകർ.
ഡീഗോയും പിന്നാലെ ബാറ്റിയും അയ്മറും യുവാൻ റോമൻ റിക്വൽമെയുമെല്ലാം അരങ്ങൊഴിഞ്ഞപ്പോൾ, ആരാധകരെ അതേ ആവേശത്തിൽ കത്തിച്ചു നിർത്തുന്നതിൽ ലയണൽ മെസ്സിയുടെ പങ്ക് ചില്ലറയല്ല. ഡീഗോ സമ്മാനിച്ച ലോകകപ്പ് കിരീടത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഓർമകളും പേറി 36 വർഷമാണ് നിറമുള്ള ആഘോഷത്തിനായി അവർ കാത്തിരുന്നത്. ഇതിനിടയിൽ ബദ്ധവൈരികളായ ബ്രസീലുകാർ രണ്ടു വട്ടം ലോകകപ്പ് നേടിയപ്പോഴും പ്രതീക്ഷയോടെ പിടിച്ചു നിന്നത് ലയണൽ മെസ്സിയെന്ന ഇതിഹാസത്തിൽ വിശ്വസിച്ചായിരുന്നു. മൂന്നര പതിറ്റാണ്ടു നീണ്ട ആ കാത്തിരിപ്പിനാണ് എച്ച്.ഡി ദൃശ്യമികവിൽ 2022ൽ ഖത്തറിൽ മണ്ണിൽ സാക്ഷാത്കാരമായത്.
അതുകൊണ്ടെല്ലാം തന്നെ അർജന്റീന ആരാധകർക്ക് മെസ്സി, വെറുമൊരു ഫുട്ബാളറല്ല. കാൽപന്തിന്റെ മിശിഹ തന്നെയാണ്.
കളിക്കളത്തിലെ ഈ ആരാധനയെ എതിരാളികൾ ചോദ്യം ചെയ്യുമ്പോഴെല്ലാം ഒരു ശരാശരി മെസ്സി പ്രേമിയുടെ ഹൃദയത്തിന് നോവും. കളിക്കളത്തിലെ വൈരത്തിന് രാഷ്ട്രീയം പറഞ്ഞാണ് എതിരാളികൾ മെസ്സി ആരാധകരെ കുത്തുന്നതെന്നതും ശ്രദ്ധേയമാണ്. അതിന് സമീപകാലത്തായി ഏറ്റവും സജീവമായ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഇസ്രായേൽ-ഫലസ്തീൻ സംഘർഷവും, അർജന്റീനയുടെ നിലപാടും.
ജനീവയിലെ അർജന്റീന വോട്ട്…
ഐക്യരാഷ്ട്രസഭ പൊതു സഭയിൽ മൂന്നു ദിവസം മുമ്പാണ് സ്വതന്ത്ര ഫലസ്തീൻ പ്രമേയം വോട്ടിനിട്ടത്. ദ്വിരാഷ്ട്ര സ്ഥാപനത്തിലൂടെ ഫലസ്തീൻ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ലക്ഷ്യമിടുന്ന ‘ന്യൂയോർക് പ്രഖ്യാപന’ പ്രമേയത്തിന് അനുകൂലമായി ഇന്ത്യയടക്കം 142 രാജ്യങ്ങൾ വോട്ട് ചെയ്തപ്പോൾ, എതിർത്തവരുടെ കൂട്ടത്തിലായിരുന്നു ലോകമെങ്ങും ആരാധകർ ഏറെയുള്ള അർജന്റീന.
2018ൽ ഇസ്രായേലിലെ സൗഹൃദ മത്സരം റദ്ദാക്കിയ അർജന്റീനക്ക് നന്ദിയർപ്പിക്കുന്ന ഫലസ്തീനികൾ
ഇസ്രയേൽ, അമേരിക്ക ഉൾപ്പെടെ 10 രാജ്യങ്ങളാണ് സ്വതന്ത്ര ഫലസ്തീൻ എന്ന ലോകത്തിന്റെ സ്വപ്നത്തെ എതിർത്തത്. ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരഗ്വേ, ട്വോംഗ എന്നിവരാണ് മറ്റുള്ളവർ. 12 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ അതിശക്തമായി അപലപിക്കുന്നതുമായിരുന്നു പ്രമേയം. ഫുട്ബാളിൽ അർജന്റീനയുടെ കളിയഴകിനെയും, മറഡോണ മുതൽ മെസ്സി വരെ ഇതിഹാസങ്ങളെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ആരാധകരിൽ വലിയൊരു പങ്കും രാഷ്ട്രീയ കളത്തിൽ ഫലസ്തീനൊപ്പമാണെന്നതും വസ്തുതയാണ്. തെക്കനമേരിക്കയിലും യൂറോപ്പിലും ദേശീയ ടീമുകളോടുള്ള ഇഷ്ടം കഴിഞ്ഞേ അന്യ രാജ്യങ്ങളെ നെഞ്ചേറ്റാറുള്ളൂ. എന്നാൽ, അറബ്, ഏഷ്യൻ രാജ്യങ്ങളിലാണ് അർജന്റീനയും ബ്രസീലും ഉൾപ്പെടെ തെക്കനമേരിക്കൻ രാജ്യങ്ങൾക്ക് മറ്റേതൊരു ടീമിനേക്കാളും വേരോട്ടമുള്ളത്. കളിക്കളത്തിൽ തെക്കനമേരിക്കയുടെ ഫുട്ബാളിനെ നെഞ്ചോട് ചേർക്കുന്നവർ, രാഷ്ട്രീയ സംഘർഷത്തിൽ ഫലസ്തീന്റെ വേദനക്കൊപ്പം ഇടം ഉറപ്പിച്ചവരാണ്.
ഈ അതി വൈകാരികതയെ കുത്തിനോവിക്കുന്നതായിരുന്നു ജനീവയിൽ നിന്നുള്ള ആ ഒരു വോട്ട്.
മെസ്സിയെ കല്ലെറിയും മുമ്പ്…
ലയണൽ മെസ്സിയും അർജന്റീനയും കേരളത്തിൽ കളിക്കാനെത്തുന്നതിന്റെ ആവേശത്തിലാണ് മലയാളക്കരയിലെ ഫുട്ബാൾ ആരാധകർ. നവംബറിലെ സൗഹൃദ മത്സര ഷെഡ്യൂളിലാണ് കേരളത്തിലേക്കുള്ള മെസ്സിയുടെ വരവ് ഉറപ്പിച്ചത്. ഇതിനിടയിൽ ഐക്യരാഷ്ട്രസഭയിൽ ഇസ്രായേലിന് അനുകൂലമായ അർജന്റീനയുടെ വോട്ട് ആരാധക പോരിന്റെ രാസത്വരകമായി മാറുകയാണിവിടെ. സമൂഹ മാധ്യമങ്ങളിൽ ലയണൽ മെസ്സിയുടെ ഇസ്രായേൽ-ഫലസ്തീൻ നിലപാടിനെ ചോദ്യം ചെയ്യുന്നത് വരെയെത്തിച്ചു കാര്യങ്ങൾ. ഇതാദ്യമായല്ല, കളത്തിനു പുറത്തെ രാഷ്ട്രീയത്തിലേക്ക് സൂപ്പർ താരത്തിന്റെ പേരും വലിച്ചിഴക്കുന്നത്. അർജന്റീനയുടെ ഇസ്രായേൽ പക്ഷ നിലപാടു തന്നെയാണ് ലയണൽ മെസ്സിയുടേതെന്നും വിമർശകർ വെടിപൊട്ടിക്കുമ്പോൾ, പ്രതിരോധത്തിലാകുന്നത് ഡീഗോയെയും മെസ്സിയെയും ഇഷ്ടപ്പെട്ട് നെഞ്ചിലേറ്റിയ സാധാരണ ആരാധകരാണ്.
എന്നാൽ, മധ്യപൂർവേഷ്യയുടെ വേദനയായ ഇസ്രായേൽ-ഫലസ്തീൻ വിഷത്തിൽ മെസ്സിയുടെ ഉള്ളിലിരുപ്പ് എന്താണ്…?
രണ്ടു പതിറ്റാണ്ടോളം സജീവമായി തുടരുന്ന കരിയറിനിടയിൽ ഒരിക്കൽ പോലും മധ്യപൂർവേഷ്യയിലെ സംഘർഷത്തിൽ ഇസ്രായേൽ പക്ഷത്തെ ന്യായീകരിക്കുന്ന നിലപാടുകൾ താരം സ്വീകരിച്ചിട്ടില്ല എന്നാണ് ചരിത്രം. അതേസമയം, യുദ്ധത്തിനും ആക്രമണത്തിനും ഇരകളാകുന്ന ഇരു രാജ്യങ്ങളിലെയും കുരുന്നുകളെ ചേർത്തണച്ചും, സംഘർഷത്തെ അപലപിച്ചുമുള്ള താരത്തിന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു.
ഗസ്സയിലെ കുരുന്നുകളെ ചേർത്തു പിടിച്ച മെസ്സി
ലണയൽ മെസ്സിയുടെ സാമൂഹിക മാധ്യമ പേജിൽ വർഷങ്ങൾ പിന്നോട്ട് പോയാൽ ഒരു പോസ്റ്റ് കാണാം. 2014 ലെ ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിനിടെയായിരുന്നു ആഗസ്റ്റ് മാസത്തിൽ മെസ്സിയുടെ ഔദ്യോഗിക ഫേസ് ബുക് പേജിൽ ആ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. നിരവധി കുട്ടികൾ ഉൾപ്പെടെ 2000ത്തോളം പേർ കൊല്ലപ്പെട്ട ഇസ്രായേൽ ആക്രമണത്തിന്റെ വേദനകൾ പങ്കുവെച്ചായിരുന്നു പരിക്കേറ്റ ഫലസ്തീൻ ബാലന്റെ ചിത്രം സഹിതമുള്ള മെസ്സിയുടെ പോസ്റ്റ്.
‘ഒരു പിതാവും യൂനിസെഫ് ഗുഡ്‌വിൽ അംബാസഡറും എന്ന നിലയിൽ, ഇസ്രായേലും ഫലസ്തീനും തമ്മിലെ സംഘർഷത്തിൽ നിന്നും വരുന്ന ചിത്രങ്ങൾ വേദനിപ്പിക്കുന്നു. സംഘർഷം ഇതിനകം നിരവധി കുട്ടികളുടെ ജീവൻ അപഹരിക്കുകയും എണ്ണമറ്റ കുട്ടികൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളല്ല ഈ സംഘർഷങ്ങൾ സൃഷ്ടിക്കുന്നത്. എന്നാൽ, അവരാണ് ഏറ്റവും വില കൊടുക്കേണ്ടി വരുന്നത്. ബുദ്ധിശൂന്യമായ ഈ അക്രമം അവസാനിപ്പിച്ചേ മതിയാകൂ. സൈനിക ആക്രമണങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് നാം ചിന്തിക്കണം, കുട്ടികളെ സംരക്ഷിക്കണം’ -യൂനിസെഫിന് പിന്തുണ തേടിക്കൊണ്ടുള്ള മെസ്സിയുടെ പോസ്റ്റ് അന്ന് പരക്കെ പ്രശംസിക്കപ്പെട്ടു.
അതേസമയം, ഈ പോസ്റ്റിന്റെ പേരിൽ താരത്തിന് ഇസ്രായേലിൽ നിന്നും രൂക്ഷ വിമർശനവും നേരിടേണ്ടി വന്നു. ഹമാസ് ആക്രമണത്തിൽ മരിച്ച ഇസ്രായേൽ കുട്ടികളുടെയും ചിത്രം പങ്കുവെച്ച് വേദനിക്കണമെന്നായിരുന്നു അന്ന് മെസ്സി വിരുദ്ധർ പ്രചരിപ്പിച്ചത്.
ഇതേ വർഷം ജൂലൈയിൽ മെസ്സി ഇസ്രായേലിന് 10 ലക്ഷം ഡോളർ സംഭാവന നൽകിയെന്ന വാർത്തയും പ്രചരിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. വാർത്ത പ്രസിദ്ധീകരിച്ച ‘ലെ കോമ്പിറ്റീറ്റർ’ എന്ന വെബ്സൈറ്റിനെ താരം കോടതി കയറ്റിയതും ചരിത്രമായി.
വെസ്റ്റ്ബാങ്കിലെ പീസ് ട്രെയിനിങ് ക്യാംപ്
2013ലെ ആ ചിത്രങ്ങൾ ലോകമെങ്ങുമുള്ള വേദനിക്കുന്ന ഹൃദയങ്ങളുടെ മനസ്സ് തണുപ്പിക്കുന്നതായിരുന്നു. നിലക്കാത്ത സംഘർഷം ചോരപടർത്തിയ ഫലസ്തീനിലെയും ഇസ്രായേലിലെയും കുട്ടികൾക്കായി മെസ്സിയും സംഘവും നടത്തിയ ‘ട്രെയിനിങ് ക്യാപ് ഫോർ പീസ്’ എന്ന പേരിലെ പരിശീലന പരിപാടി. ജറൂസലേമിലെത്തിയ കുട്ടികൾക്ക് പരിശീലനം നൽകി, അവരെ ചേർത്തു പിടിച്ച മെസ്സിയും സംഘവും ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടികാഴ്ച നടത്തുകയും ചെയ്തു. തുടർന്ന്, തെൽ അവീവിലെത്തി കോച്ചിങ് ക്യാമ്പ് സന്ദർശിക്കുകയും, ഇസ്രായേൽ പ്രസിഡന്റ് ഷിമോൺ പെരസിനെ കാണുകയും ചെയ്തു.
ജറുസലേമിൽ നടന്ന പരിശീലന ക്യാമ്പിൽ മെസ്സി ഫലസ്തീൻ ഫുട്ബാൾ താരങ്ങൾക്കൊപ്പം
അർജന്റീന റദ്ദാക്കിയ ഇസ്രായേൽ പര്യടനം
2018ലെ ലോകകപ്പിന് ഒരുങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു അത്. അധിനിവേശ ഇസ്രായേൽ രൂപവൽകരണത്തിന്റെ 70ാം വാർഷികം ആഘോഷിക്കുകയായിരുന്നു ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ. അതിനായി ക്ഷണിച്ചതാവട്ടെ, ലോകഫു്ട്ബാളിലെ വമ്പന്മാരായ അർജന്റീനയെയും. അവസാന ലോകകപ്പ് സന്നാഹ മത്സരം എന്ന നിലയിൽ അർജന്റീന ഫുട്ബാൾ ഫെഡറേഷൻ ഈ മത്സരത്തിന് സന്നദ്ധത അറിയിച്ചു.
വെസ്റ്റ് ബാങ്കിൽ ഇസ്രായേലിനെതിരെ ആയിരുന്നു അർജന്റീനയുടെ സൗഹൃദ മത്സരം പ്രഖ്യാപിച്ചത്. എന്നാൽ, അടുത്ത നിമിഷം മുതൽ ലോകവ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചു. ഫലസ്തീനിലും ഗസ്സയിലും മുതൽ ബ്വേനസ് ഐയ്റിസിൽ വരെ അർജന്റീനയുടെ ഇസ്രായേൽ പര്യടനത്തിനെതിരെ റാലികളും പ്രതിഷേധങ്ങളും അരങ്ങേറി. ഫലസ്തീനെതിരായ ഇസ്രായേലിന്റെ കൊലവെറിയെ ലോകത്തിന് മുന്നിൽ മറച്ചുപിടിക്കാനാണ് ഇത്തരമൊരു സൗഹൃദ മത്സരമെന്ന് വിശദീകരിച്ചുകൊണ്ട് മുൻ ഫലസ്തീൻ താരം മുഹമ്മദ് ഖലീൽ അർജന്റീന ഫെഡറേഷന് കത്തെഴുതി. ബ്വേനസ്ഐയ്റിസിലെ എ.എഫ്.എ ആസ്ഥാനത്തിന് പുറത്ത് തൊഴിലാളി യൂനിയനുകളും മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പുമായി പ്രതിഷേധ റാലി നടത്തി. ബാഴ്സലോണയിലും പ്രതിഷേധം സജീവമായി.
അർജന്റീനയുടെ ഇസ്രായേൽ പര്യടനം പ്രഖ്യാപിച്ചപ്പോൾ വെസ്റ്റ് ബാങ്കിലുയർന്ന പ്രതിഷേധ ബാനറുകളിൽ ഒന്ന്
30 ലക്ഷം ഡോളർ പ്രതിഫലമായി നൽകിയായിരുന്നു നൽകിയായിരുന്നു ഇസ്രായേൽ സർക്കാർ അർജന്റീന ടീമിനെ ക്ഷണിച്ചത്. പക്ഷേ, പ്രതിഷേധങ്ങളിൽ പൊറുതിമുട്ടിയ അർജന്റീന ആ പണം വേണ്ടെന്ന് വെച്ച് ഇസ്രായേലിലെ സൗഹൃദ മത്സരം റദ്ദാക്കി പുതിയ മാതൃക സൃഷ്ടിച്ചു. ‘ഏറ്റവും ഒടുവിൽ അവർ ശരിയായ തീരുമാനമെടുത്തു’ എന്നായിരുന്നു സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്ൻ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്.
എന്നാൽ, അർജന്റീനയുടെ പിൻമാറ്റം ഇസ്രായേലിന് നാണക്കേടായി. സമ്മർദ തന്ത്രങ്ങളുമായി അവർ രംഗത്തെത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അർജന്റീന പ്രസിഡന്റ് മൗറിസിയോ മക്റിയെ വിളിച്ച് ഇടപെടണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തങ്ങളല്ല തീരുമാനമെടുക്കുന്നത് എന്നറിയിച്ച് അദ്ദേഹം കൈമലർത്തി. ലോക വേദിയിൽ ഇസ്രായേലിന് തിരിച്ചടിയാകുന്നതായിരുന്നു അന്നത്തെ അർജന്റീനയുടെ പിൻവാങ്ങൽ. മെസ്സിക്കും സംഘത്തിനും അഭിവാദ്യമർപ്പിച്ച് അന്ന് ഗസ്സയിലും വെസ്റ്റ്ബാങ്കിലും നടന്ന റാലികൾക്ക് ചിത്രങ്ങൾ സാക്ഷ്യമാണ്.
വെസ്റ്റ് ബാങ്കും, ഗസ്സയും മെസ്സി തങ്ങൾക്കൊപ്പമെന്ന പോലെ ആഘോഷം നടത്തി. അതിന്റെ ചിത്രമായിരുന്നു വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകൾക്ക് എന്നും ഇരയാകുന്ന നബി സാലിഹ് ഗ്രാമത്തിൽ നിന്നുള്ള ഒരു സൗഹൃദ മത്സരം. മെസ്സി മുതൽ ഡി മരിയയും മറ്റും അടങ്ങിയ അർജന്റീന ടീമിനെ അവർ പ്രതീകാത്മകമായി കളത്തിലെത്തിച്ചു. മറുതലക്കൽ ഇസ്രായേൽ അറസ്റ്റു ചെയ്ത നബി സാലിഹിലെ ചെറുപ്പക്കാരുടെ പേരെഴുതി ജഴ്സികൾ നിലത്തുവെച്ച് ഫുട്ബാൾ കളിച്ചു. ഒടുവിൽ അർജന്റീന ജയിച്ച വീഡിയോയും, ഇസ്രായേൽ പര്യടനം ഒഴിവാക്കിയതിന് നന്ദിയർപ്പിച്ച സന്ദേശമെഴുതിയുമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ അന്ന് തരംഗമായി. ‘സ്വാതന്ത്ര്യത്തിനും നീതിക്കും സമത്വത്തിനും വേണ്ടി ഗോൾ നേടി’ എന്ന സന്ദേശവുമായാണ് വീഡിയോ അവസാനിച്ചത്.