ആവേശകരമായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഒഡീഷ എഫ്‌സി ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടും. ഒഡിഷ എഫ് സിയുടെ ഗ്രൗണ്ടായ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.
പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഒഡീഷയെ സംബന്ധിച്ചിടത്തോളം ഈ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. അവരുടെ ആദ്യത്തെ ഐഎസ്എൽ കിരീടം നേടാനുള്ള വഴിയിൽ പ്രധാന തടസ്സമാണ് ഇന്നത്തെ ഈസ്റ്റ് ബംഗാൾ മത്സരം.
സൂപ്പർ കപ്പ് 2024 ഫൈനലിൽ ഈസ്റ്റ് ബംഗാൾ വിജയിച്ചെങ്കിലും, ലീഗിൽ അവരുടെ പ്രകടനം വളരെ മോശമായിരുന്നു. നിലവിൽ എട്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാൾ അവസാനത്തെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് മാത്രമേ നേടാനായുള്ളൂ. എന്നാൽ, ചെന്നൈയിൻ എഫ്‌സിക്ക് എതിരെ അടുത്തിടെ നേടിയ 1-0 വിജയത്തിന്റെ ആവേശത്തിലാണ് ബംഗാൾ ഈ മത്സരത്തിനെത്തുന്നത്.
ഒഡീഷയെ സംബന്ധിച്ച്, ഒക്ടോബർ മുതൽ പരാജയം അറിയാതെയാണ് കളിക്കുന്നത്. 12 മത്സരങ്ങളുടെ പരാജയരഹിത ഓട്ടം അവരുടെ വിജയത്തിന് നിർണായക പങ്ക് വഹിച്ചു.
എന്നിരുന്നാലും, അവസാനത്തെ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയത് ഒഡീഷ പരിശീലകൻ സെർജിയോ ലോബേറയ്ക്ക് തലവേദനയായിട്ടുണ്ട്. വിജയവഴികളിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരിക്കും അദ്ദേഹവും ടീമും.