കൊൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ തിരിച്ചുവരവ് നടത്തി. ഞായറാഴ്ച സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കൊൽക്കത്ത ഡെർബിയിൽ പരമ്പരാഗത എതിരാളികളായ മുഹമ്മദൻ സ്പോർട്ടിംഗിനെ 3-1 ന് തകർത്താണ് ഈസ്റ്റ് ബംഗാൾ വിജയം നേടിയത്.
മത്സരത്തിന്റെ 27-ാം മിനിറ്റിൽ നവോറം മഹേഷ് സിംഗ് ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. പിന്നാലെ പകരക്കാരനായി ഇറങ്ങിയ സൗൾ ക്രെസ്‌പോയും ലക്ഷ്യം കണ്ടതോടെ ഈസ്റ്റ് ബംഗാൾ ആധിപത്യം ഉറപ്പിച്ചു. കാർലോസ് ഫ്രാങ്കോ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഡേവിഡ് ലാൽഹ്ലാൻസാങ്ഗ ഗോൾ നേടിയതോടെ ഈസ്റ്റ് ബംഗാൾ വിജയം ഉറപ്പിച്ചു.
ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാൾ മികച്ച പ്രകടനം കാഴ്ചവച്ചു. പി.വി. വിഷ്ണു നൽകിയ പാസിൽ നിന്നാണ് മഹേഷ് ആദ്യ ഗോൾ നേടിയത്. മുഹമ്മദൻ ഗോൾകീപ്പർ പദം ഛേത്രിയെ കീഴടക്കി മഹേഷ് ഗോൾ നേടി.
രണ്ടാം പകുതിയിൽ സമനില ഗോളിനായി മുഹമ്മദൻ ആക്രമണം ശക്തമാക്കി. 65-ാം മിനിറ്റിൽ റാഫേൽ മെസ്സി ബൗളി പന്ത് തട്ടിയെടുത്ത് സൗൾ ക്രെസ്‌പോയ്ക്ക് നൽകി. ക്രെസ്‌പോ പന്ത് ചിപ്പ് ചെയ്ത് ഗോളിലെത്തിച്ചു.
മൂന്ന് മിനിറ്റിന് ശേഷം ഫ്രാങ്കോ മുഹമ്മദൻസിനായി ഒരു ഗോൾ തിരിച്ചടിച്ചു. 77-ാം മിനിറ്റിൽ അലക്സിസ് ഗോമസിന്റെ ഷോട്ട് ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് തട്ടിയകറ്റി.
89-ാം മിനിറ്റിൽ ഡേവിഡ് ലാൽഹ്ലാൻസാങ്ഗ ഈസ്റ്റ് ബംഗാളിന്റെ മൂന്നാം ഗോൾ നേടി.
ഈ വിജയത്തോടെ 20 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ഈസ്റ്റ് ബംഗാൾ 11-ാം സ്ഥാനത്തെത്തി. 20 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി മുഹമ്മദൻ പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്നു.