തിംഫു (ഭൂട്ടാൻ): അണ്ടർ 17 സാഫ് കപ്പ് വനിതാ ഫുട്ബാളിലെ അവസാന മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനോട് തോൽവി വഴങ്ങിയെങ്കിലും കിരീടം കൈവിടാതെ ഇന്ത്യൻ പെൺകുട്ടികൾ. റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ആദ്യ അഞ്ചു മത്സരങ്ങളും ജയിച്ചാണ് ഇന്ത്യൻ പെൺപട കിരീടത്തിൽ മുത്തമിട്ടത്.
ഞായറാഴ്ച നടന്ന അവസാന മത്സരത്തിൽ നിലവിലെ ജേതാക്കളായ ബംഗ്ലാദേശിനോട് 4-3ന് കീഴടങ്ങിയെങ്കിലും ടൂർണമെന്റിലെ ശേഷിച്ച മത്സരങ്ങളിലെ മിന്നും പ്രകടനവുമായാണ് കിരീട വിജയം ഉറപ്പിച്ചത്. നേപ്പാൾ, ഭൂട്ടാൻ എന്നിവരാണ് ടൂർണമെന്റിൽ മത്സരിച്ച മറ്റു ടീമുകൾ. ഒരോ ടീമും രണ്ടു തവണ ഏറ്റുമുട്ടുന്ന ഫോർമാറ്റിലായിരുന്നു മത്സരം ക്രമീകരിച്ചത്. ആദ്യ തവണ ബംഗ്ലാദേശിനെ 2-0ത്തിന് തോൽപിച്ച ശേഷമായിരുന്നു, പൂളിലെ അവസാന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് 4-3ന് തോറ്റത്.
ഇന്ത്യക്കായി അനുഷ്‍ക കുമാരി, പ്രിതിക ബർമൻ, ജുലാൻ നോങ്മയ്തം എന്നിവർ സ്കോർ ചെയ്തു. ബംഗ്ലാദേശിനായി പൂർണിമ മർമ, അൽപി അക്തർ എന്നിവർ ഓരോ ഗോളും, സൗരവി അകൻഡ ഇരട്ട ഗോളും നേടി.
അഞ്ച് ജയവും ഒരു തോൽവിയുമായാണ് ഇന്ത്യൻ പെൺപട കിരീടത്തിൽ മുത്തമിട്ടത്. 2018ലും 2019ലും കിരീടം ചൂടിയ ഇന്ത്യ ആറു വർഷത്തെ ഇടവേളക്കു ശേഷമാണ് അണ്ടർ 17 കിരീടത്തിലെത്തുന്നത്. സാഫ് കപ്പിലെ കിരീട വിജയത്തിനു പിന്നാലെ ഇന്ത്യയിലെത്തുന്ന സംഘം ഒക്ടോബറിൽ നടക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് തയ്യാറെടുപ്പ് ആരംഭിക്കും.
