പ്ര​തീ​ക്ഷാ​പൂ​ർ​വം ഇ​ന്ത്യ; കാ​ഫ നാ​ഷ​ൻ​സ് ക​പ്പി​ൽ ഇന്ത്യ-അഫ്ഗാൻ പോരാട്ടം നാളെ

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): കാ​ഫ നാ​ഷ​ൻ​സ് ക​പ്പ് ഫു​ട്ബാ​ളി​ൽ ഇ​ന്ത്യ​ക്ക് വ്യാ​ഴാ​ഴ്ച പൂ​ളി​ലെ അ​വ​സാ​ന മ​ത്സ​രം. ഫി​ഫ റാ​ങ്കി​ങ്ങി​ൽ നീ​ല​ക്ക​ടു​വ​ക​ളെ​ക്കാ​ൾ താ​ഴെ​യു​ള്ള അ​ഫ്ഗാ​നി​സ്താ​നാ​ണ് എ​തി​രാ​ളി​ക​ൾ. ഇ​ന്ന് ജ‍യി​ച്ച് ടൂ​ർ​ണ​മെ​ന്റി​ൽ മു​ന്നേ​റാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഖാ​ലി​ദ് ജ​മീ​ലും സം​ഘ​വും. പൂ​ൾ ബി​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഇ​റാ​ൻ ആ​റ് പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ഓ​രോ ജ​യ​വും തോ​ൽ​വി​യു​മാ​യി മൂ​ന്ന് വീ​തം പോ​യ​ന്റ് നേ​ടി ഇ​ന്ത്യ ര​ണ്ടും ആ​തി​ഥേ​യ​രാ​യ ത​ജി​കി​സ്താ​ൻ മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്നു.

എ​ട്ട് ടീ​മു​ക​ൾ ര​ണ്ട് പൂ​ളു​ക​ളി​ലാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. പൂ​ൾ ജേ​താ​ക്ക​ൾ​ക്ക് ഫൈ​ന​ലി​ലെ​ത്താം. പൂ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് ടൂ​ർ​ണ​മെ​ന്റി​ലെ മൂ​ന്നാം​സ്ഥാ​ന​ക്കാ​രെ നി​ശ്ച​യി​ക്കു​ന്ന മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടാം. ഇ​ന്ന് ത​ജി​കി​സ്താ​നെ ഇ​റാ​ൻ നേ​രി​ടു​ന്നു​ണ്ട്. ഈ ​ക​ളി സ​മ​നി​ല​യി​ലാ‍യാ​ലും ഇ​റാ​ൻ പൂ​ൾ ജേ​താ​ക്ക​ളാ​വും. അ​ഫ്ഗാ​ന് നി​ല​വി​ൽ പോ​യ​ന്റൊ​ന്നു​മി​ല്ല. പൂ​ൾ എ​യി​ൽ ര​ണ്ട് റൗ​ണ്ട് ക​ഴി​ഞ്ഞ​പ്പോ​ൾ നാ​ല് വീ​തം പോ​യ​ന്റു​മാ​യി ഒ​മാ​നും ഉ​സ്ബെ​കി​സ്താ​നു​മാ​ണ് ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ൽ.

ത​ജി​കി​സ്താ​നെ 2-1ന് ​തോ​ൽ​പി​ച്ച് തു​ട​ങ്ങി​യ ഇ​ന്ത്യ ഇ​റാ​നോ​ട് പൊ​രു​തി വീ​ഴു​ക​യാ​യി​രു​ന്നു. ആ​ദ്യ ഒ​രു മ​ണി​ക്കൂ​ർ എ​തി​രാ​ളി​ക​ളെ പി​ടി​ച്ചു​കെ​ട്ടി​യ​ശേ​ഷ​മാ​ണ് മൂ​ന്ന് ഗോ​ൾ വ​ഴ​ങ്ങി​യ​ത്. ഫി​ഫ റാ​ങ്കി​ങ്ങി​ൽ 20ലും ​ഏ​ഷ്യ​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തും നി​ൽ​ക്കു​ന്ന ടീ​മി​നെ​തി​രെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​നാ​യ​ത് ബ്ലൂ ​ടൈ​ഗേ​ഴ്സി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്. ടൂ​ർ​ണ​മെ​ന്റി​ൽ മൂ​ന്നാം​സ്ഥാ​ന​മെ​ങ്കി​ലും നേ​ടി മ​ട​ങ്ങാ​നാ​യാ​ൽ അ​ത് ച​രി​ത്ര സം​ഭ​വ​മാ​കും. റാ​ങ്കി​ങ്ങി​ൽ 133ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. ഇ​ന്ന​ത്തെ എ​തി​രാ​ളി​ക​ളാ​യ അ​ഫ്ഗാ​ൻ 161ലും.

ജി​ങ്കാ​ൻ പ​രി​ക്കേ​റ്റ് പു​റ​ത്ത്

കാ​ഫ നാ​ഷ​ൻ​സ് ക​പ്പി​ൽ ഇ​ന്ന് അ​ഫ്ഗാ​നി​സ്താ​നെ നേ​രി​ടു​ന്ന ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി. പ​രി​ക്കേ​റ്റ സെ​ന്റ​ർ ബാ​ക്ക് സ​ന്ദേ​ശ് ജി​ങ്കാ​ന് ടൂ​ർ​ണ​മെ​ന്റി​ലെ ശേ​ഷി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ക്കാ​നാ​വി​ല്ല. ഇ​റാ​നെ​തി​രാ​യ ക​ളി​യി​ലാ​ണ് ജി​ങ്കാ​ന് പ​രി​ക്കേ​റ്റ​ത്. താ​രം ബു​ധ​നാ​ഴ്ച നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ത​ജി​കി​സ്താ​നെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ നേ​ടി​യ ഗോ​ളു​ക​ളി​ലൊ​ന്ന് ജി​ങ്കാ​ന്റെ വ​ക​യാ​യി​രു​ന്നു.



© Madhyamam