കായിക മേഖലയിൽ കേരളം ഇന്ന് വളർച്ചയുടെ പാതയിലാണ്. സന്തോഷ് ട്രോഫി കിരീടങ്ങൾ ഉൾപ്പെടെ ഫുട്ബാളിൽ കേരളം മികവ് പുലർത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള ഫുട്ബാൾ ടീം മികച്ചതാണ്.
നല്ല താരങ്ങളുള്ള നാടാണ് നമ്മുടേത്. കൊൽക്കത്തയിലും പഞ്ചാബിലും ഗോവയിലുമൊക്കെ ഞാൻ കളിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിലേത് പോലെ കഴിവുള്ള കളിക്കാർ മറ്റൊരു സംസ്ഥാനത്തും കണ്ടിട്ടില്ല. മാത്രമല്ല, ഫുട്ബാളിന് ഏറ്റവുമധികം ആരാധകരുള്ളതും നമ്മുടെ നാട്ടിൽതന്നെ. ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം.
ഇന്ന് ഓരോ ജില്ലയിലും വ്യത്യസ്ത കായിക ഇനങ്ങൾക്കായി വ്യത്യസ്ത സ്റ്റേഡിയങ്ങൾ പണിയുന്നുണ്ട്. നമ്മുടെ ഇതിഹാസ താരങ്ങളുടെ പേരിൽ സ്റ്റേഡിയങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ എന്റെ പേരിലും തൃശൂർ ലാലൂരിൽ സ്റ്റേഡിയം വരുന്നുണ്ട്.
ഐ.എസ്.എൽ പോലുള്ള ടൂർണമെന്റുകൾ വന്നതോടെ കേരളത്തിലും കഴിവുള്ള പുതിയ ചെറുപ്പക്കാർ ഫുട്ബാളിലേക്ക് വരാൻ തുടങ്ങി. അതിന്റെ ഫലമായി മക്കളെ ഫുട്ബാൾ കളിക്കാരാക്കണമെന്ന താൽപര്യം രക്ഷിതാക്കൾക്കുമുണ്ടായി.
പഴയ കാലത്ത് ഞങ്ങളൊക്കെ കളിക്കാരായതിന് ശേഷമാണ് വീട്ടുകാരും നാട്ടുകാരുമെല്ലാം അറിഞ്ഞത്. എന്നാൽ, ഇന്ന് സെലക്ഷൻ ക്യാമ്പുകളിലേക്ക് മക്കൾക്കൊപ്പം രക്ഷിതാക്കളും വരുന്നുണ്ട്. ഇതെല്ലാം പ്രതീക്ഷക്ക് വക നൽകുന്നു.
ഇന്ന് അക്കാദമികളിൽ നിരവധി കുട്ടികൾ പരിശീലിക്കുന്നുണ്ട്. കളിക്കാനും കളി പഠിക്കാനുമുള്ള അവസരങ്ങൾ ഇന്ന് കൂടുതലാണ്.
ദേശീയ ഫുട്ബാൾ ടീമിന്റെ കാര്യം നോക്കുമ്പോൾ ആദ്യകാലത്തെ അത്ര താരങ്ങൾ ഇന്ന് ഇല്ലെങ്കിലും സൂപ്പർ ലീഗ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ തുടങ്ങിയതോടെ കളിക്കാനുള്ള അവസരങ്ങൾ വർധിച്ചു. അതുകൊണ്ടുതന്നെ തീർച്ചയായും ഇന്ത്യൻ ടീമിൽ ഇനിയും കൂടുതൽ മലയാളികൾ കളിക്കും.
സ്കൂളുകളിൽ ഒന്നോ രണ്ടോ പിരീഡ് കായിക പരിശീലനത്തിന് നൽകുന്നത് വലിയ കാര്യമാണ്. ഇപ്പോൾ കുട്ടികൾ കായിക ഇനങ്ങളെ ലഹരിയായി കാണാൻ തുടങ്ങിയിട്ടുണ്ട്. കുട്ടികളെ സ്പോർട്സിലേക്ക് കൊണ്ടുവരാൻ നിരവധിയാളുകൾ പ്രയത്നിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ തലമുറയെ പ്രതീക്ഷയോടെയാണ് കാണുന്നത്.
