മെസ്സിയുടെ പേരിൽ നടന്നത് ദുരൂഹ ബിസിനസ് ഡീൽ; കലൂർ സ്റ്റേഡിയത്തിന്‍റെ ഭാവി ചോദ്യചിഹ്നമായെന്ന് ഹൈബി ഈഡൻ

കൊച്ചി: കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട നവീകരണ വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി എറണാകുളം എം.പി ഹൈബി ഈഡൻ. മെസ്സിയുടെ പേരിൽ നടന്നത് ദുരൂഹ ബിസിനസ് ഡീൽ എന്ന് ഹൈബി ഈഡൻ ആരോപിച്ചു.

മെസ്സി വരാത്ത സാഹചര്യത്തിൽ കലൂർ സ്റ്റേഡിയത്തിൽ സ്പോൺസർക്ക് അവകാശമുണ്ടോ എന്നും ഹൈബി ചോദിച്ചു. മെസ്സിയുടെ സന്ദർശനവും കലൂർ സ്റ്റേഡിയവുമായും ബന്ധപ്പെട്ട് നടന്ന ചർച്ചകളെയും കരാറുകളെയും ധനസമാഹരണവും സംബന്ധിച്ച് പൊതുസമൂഹത്തിന് അറിയാൻ താൽപര്യമുണ്ട്. രാജ്യാന്തര സ്റ്റേഡിയത്തിന്‍റെ ഭാവി പോലും ചോദ്യചിഹ്നമായി നിൽക്കുകയാണ്.

കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ട് എന്ന നിലയിൽ ഫുട്ബാൾ ടീം നൽകുന്നതാണ് ജി.സി.ഡി.എയുടെ പ്രധാന വരുമാനം. കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടു പോകുന്നുവെന്നാണ് വാർത്തകൾ. ഇത് ഞെട്ടിപ്പിക്കുന്ന ഒന്നാണ്. സ്റ്റേഡിയം അനിശ്ചിതത്വത്തിലാകുമ്പോൾ ലീഗ് മത്സരങ്ങൾ എങ്ങനെ നടക്കുമെന്നും ഹൈബി ചോദിച്ചു.

സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തനം നടത്താൻ ഏതു തരത്തിലുള്ള വൈദഗ്ധ്യമാണ് കമ്പനികൾക്കുള്ളത്. മെസ്സി വരാത്ത സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ അടുത്തതായി നടത്താൻ പോകുന്ന നിർമാണ പ്രവർത്തനം എന്താണ്?. സ്റ്റേഡിയം വളപ്പിലെ മരങ്ങൾ മുറിച്ചു മാറ്റുകയാണ്. സർക്കാർ ഭൂമിയിലെ മരങ്ങൾ നിരവധി കമ്മിറ്റികളുടെ അനുമതി വേണം. ഈ അനുമതി വാങ്ങിയിട്ടുണ്ടോ?. സർക്കാറിന്‍റെയോ മുഖ്യമന്ത്രിയുടെയോ കായിക മന്ത്രിയുടെയോ അറിവോടെയാണോ നിർമാണ കമ്പനിയുടെ നടപടിയെന്നും ഹൈബി ഈഡൻ ചോദിച്ചു.

ഇതിഹാസ താരം ലയണൽ മെസ്സിയും അർജൻറീന ഫുട്ബാൾ താരങ്ങളും കേരളത്തിലേക്ക് തത്​കാലം ഇല്ലെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ സ്റ്റേഡിയം നവീകരണത്തെ ചൊല്ലി വിവാദം ചൂടുപിടിച്ചത്. 70 കോടി മുടക്കി സ്റ്റേഡിയം നവീകരണം ഏറ്റെടുത്ത മെസ്സി സന്ദർശനത്തിന്‍റെ മുഖ്യ സ്പോൺസറുടെ താൽപര്യമാണ് പലരും ചോദ്യം ചെയ്യുന്നത്.

ഇതിനിടെ സ്റ്റേഡിയം നവീകരിച്ചാൽ മെസ്സി പ​​ങ്കെടുക്കുന്ന അന്താരാഷ്ട്ര മത്സരം കഴിഞ്ഞും സ്റ്റേഡിയത്തിന്‍റെ നടത്തിപ്പ് അവകാശം തരണമെന്ന് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപറേഷൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ജി.സി.ഡി.എ നേതൃത്വം വ്യക്തമാക്കുന്നു. എന്നാൽ, ആ ആവശ്യം അന്നേ തള്ളുകയായിരുന്നു സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ. വീണ്ടും മത്സരം കൊണ്ടുവന്നാൽ പരിഗണന നൽകാമെന്നാണ് അന്ന് സ്പോൺസറെ അറിയിച്ചതെന്നും ജി.സി.ഡി.എ ഭാരവാഹികൾ പറയുന്നു.

കളിക്കുവേണ്ടി നവീകരിക്കാമെന്നല്ലാതെ നടത്തിപ്പിൽ ഒരു പങ്കാളിത്തവും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപറേഷന്​ ഉണ്ടാകില്ലെന്നാണ് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനിടെ മെസ്സിയും കൂട്ടരും അടുത്തൊന്നും വരില്ലെന്ന് വ്യക്തമായതോടെ നവീകരണവും മുടങ്ങുമോയെന്ന ആശങ്കയിലാണ് കായികപ്രേമികൾ. നിലവിൽ അനിശ്ചിതത്വത്തിലാണെങ്കിലും ഈ സീസണിലെ ഐ.എസ്.എൽ ഉൾപ്പെടെ മത്സരങ്ങൾ നടക്കാനുള്ള വേദിയാണ് കലൂർ സ്റ്റേഡിയം.



© Madhyamam