ഫ്രഞ്ച് സൂപ്പർ കപ്പ്: വമ്പൻ പോരാട്ടത്തിന് ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: ഫ്രഞ്ച് സൂപ്പർ കപ്പിന്റെ വമ്പൻ പോരാട്ടത്തിന് സാക്ഷിയാകാൻ കുവൈത്ത്. വ്യാഴാഴ്ച ജാബിർ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഫ്രഞ്ച് ഫുട്ബാളിലെ വമ്പൻമാരായ പി.എസ്.ജിയും മാർസെയ്‌ലും ഏറ്റുമുട്ടും. രാത്രി ഒമ്പതിനാണ് മൽസരം. ഫുട്ബാൾ ആരാധകരുടെ പ്രിയപ്പെട്ട ടീമുകളാണ് രണ്ടും. ഇവ കുവൈത്തിന്റെ മണ്ണിൽ ഏറ്റുമുട്ടുമ്പോൾ നേരിട്ടുകാണാൻ വൻ ജനകൂട്ടം സ്റ്റേഡിയത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയം ഗേറ്റുകൾ വൈകീട്ട് അഞ്ചുമുതൽ കാണികളെ പ്രവേശിപ്പിച്ചുതുടങ്ങും. ടിക്കറ്റുകൾ ഓൺലൈൻ വഴി വിൽപ്പന ആരംഭിച്ചിട്ടുണ്ട്.

മത്സരത്തിന് മുമ്പ് കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം സംഘടിപ്പിക്കുന്ന വിനോദ പരിപാടിയും ഉണ്ടാകും. മൽസരത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി കുവൈത്തിലെ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റി വ്യക്തമാക്കി. അവസാനവട്ട ഒരുക്കങ്ങൾ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അവലോകനം ചെയ്തു. കുവൈത്തിന്റെ പ്രതിച്ഛായ ലോകത്തിന് മുന്നിൽ പ്രതിഫലിപ്പിക്കുന്ന നിലയിൽ കൂട്ടായ പ്രവർത്തനങ്ങൾ നടത്താൻ മന്ത്രി ഓർമിപ്പിച്ചു.

ജനക്കൂട്ട നിയന്ത്രണം, സുരക്ഷ, മെഡിക്കൽ സേവനങ്ങൾ, മാധ്യമ കവറേജ്, ഗതാഗതം എന്നിവക്കുള്ള ക്രമീകരണങ്ങൾ തയാറാക്കിയിട്ടുണ്ട്.



© Madhyamam