കോച്ച് പുറത്ത്; 18ാം അടവുമായി ഫോഴ്സ കൊച്ചി

കൊച്ചി: ശനിയാഴ്ച സൂപ്പർലീഗ് സീസണിലെ അവസാന ഹോം ഗ്രൗണ്ട് മാച്ചിന് ഫോഴ്സ കൊച്ചി ഒരുങ്ങുമ്പോൾ ഒരുവട്ടമെങ്കിലും അത്ഭുതം സംഭവിക്കുമോയെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെയാണ് കൊച്ചിയുടെ പടയോട്ടം. സീസണിലെ ആറ് കളിയിലും ദയനീയ പരാജയം ഏറ്റുവാങ്ങാനായിരുന്നു പ്രഥമ സീസണിലെ റണ്ണർഅപ്പായ ഫോഴ്സ കൊച്ചിയുടെ ദുര്യോഗം.

എല്ലാ കളിയും തോറ്റ് പോയൻറ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ഫോഴ്സ ഒടുവിൽ മുഖ്യപരിശീലകനെയും പറഞ്ഞുവിട്ടു. ഈ സീസണിലെത്തിയ സ്പാനിഷ് പരിശീലകനായ മിഗ്വേൽ ലാഡോ പ്ലാനയെയാണ് പുറത്താക്കിയത്. ക്ലബും പരിശീലകനും പരസ്പര ധാരണയോടെയാണ് പിരിഞ്ഞതെന്ന് ടീം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. പുതിയ മുഖ്യപരിശീലകനെ ഈ സീസണിലേക്ക് നിയമിക്കേണ്ടെന്നാണ് മാനേജ്മെൻറ് തീരുമാനം.

നിലവിൽ എ.എഫ്.സി.എ ലൈസൻസ് കോച്ചും കെ.എസ്.ഇ.ബി എഫ്.സി മുഖ്യപരിശീലകനുമായ സഹപരിശീലകൻ സനുഷ് രാജ് ആണ് ടീമിനെ കളി പഠിപ്പിക്കുക. തോൽവികൾ മുറിവായി ഉള്ളപ്പോൾതന്നെ, അവസാന ഹോം ഗ്രൗണ്ട് മത്സരമെങ്കിലും ജയിക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ടീം ഇന്നിറങ്ങുക.

ദിവസങ്ങൾക്കുമുമ്പ് കൊച്ചിയിൽ മലപ്പുറം എഫ്.സിയുമായി നടന്ന മത്സരത്തിനിടെ മുൻനിര താരങ്ങളുൾപ്പെടെ പലരും പരിക്കിന്‍റെ പിടിയിലായിരുന്നു. പ്രധാന താരങ്ങൾക്ക് കളിക്കാനാവാത്ത സാഹചര്യവും തുടർച്ചയായ തോൽവികളുംമൂലം മൂന്ന് വിദേശ താരങ്ങളെയും ഒരു മലയാളി താരത്തെയും ടീം പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉഗാണ്ടൻ സ്ട്രൈക്കർ അമോസ്, സ്പാനിഷ് മിഡ്‌ ഫീൽഡർ മാർക്ക്‌ വർഗസ്, സ്പാനിഷ് സെന്റർ ബാക് എൻട്രികെ, മലയാളി അണ്ടർ-23 വിങ്ങർ കെ.ബി. അഭിത് എന്നിവരാണിവർ.

ശനിയാഴ്ച കാലിക്കറ്റ് എഫ്.സിക്കെതിരായ മത്സരത്തിൽ അഭിത്തിന് മാത്രമേ ഇറങ്ങാനായുള്ളൂ. രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാനാവാത്തതിനാലാണ് വിദേശതാരങ്ങൾ പുറത്തിരിക്കേണ്ടിവന്നത്. പ്രധാന താരങ്ങളുടെ പരിക്ക് ടീമിനെ അലട്ടുന്നുണ്ടെങ്കിലും പുതിയ വിദേശതാരങ്ങൾ ശനിയാഴ്ച ഇറങ്ങുന്നതോടെ കളി മുറുകുമെന്നും സീസണിലെ ആദ്യ ജയം നേടുമെന്നുമാണ് പ്രതീക്ഷ. ആറു കളിയിൽ രണ്ടു ജയവും മൂന്നു തോൽവിയും ഒരു സമനിലയുമാണ് തിരുവനന്തപുരം കൊമ്പൻസിന്‍റെ സമ്പാദ്യം. ഏഴു പോയന്‍റുമായി റാങ്കിങ്ങിൽ അഞ്ചാമതാണ് കൊമ്പൻസ്.



© Madhyamam