ഫി​ഫ അ​ണ്ട​ർ 17 ഫൈ​ന​ൽ; ക​ള​മൊ​രു​ങ്ങി, ക​ലാ​ശ​പ്പോ​രിൽ പോർച്ചു​ഗ​ൽ -ഓ​സ്ട്രി​യ നേ​ർ​ക്കു​നേ​ർ

ദോഹ: ഒരു മാസത്തോളം നീണ്ട കൗമാര താരങ്ങളുടെ വീറുറ്റ പോരാട്ടങ്ങൾക്കൊടുവിൽ, കിരീടത്തിൽ മുത്തമിടാൻ യൂറോപ്യൻ കരുത്തരായ പോർച്ചുഗലും ഓസ്ട്രിയയും നേർക്കുനേർ. ഇന്ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം വേദിയാകുന്ന ഫൈനലിന് അവസാന വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. വൈകീട്ട് ഏഴിന് ആരംഭിക്കും. മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള ലൂസേഴ്സ് ഫൈനൽ മത്സരവും ഇന്ന് നടക്കും. ബ്രസീൽ -ഇറ്റലി ലൂസേഴ്സ് ഫൈനൽ വൈകീട്ട് 3.30ന് ആസ്പയർ സോൺ പിച്ച്7ൽ നടക്കും.

ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇരുടീമുകളും കിരീട ലക്ഷ്യത്തിനിറങ്ങുമ്പോൾ പ്രവചനങ്ങളെല്ലാം അസാധ്യമാണ്. രണ്ട് ടീമുകളും തങ്ങളുടെ ആദ്യ അണ്ട‌‌ർ17 ലോകകപ്പ് ഫൈനലിനാണ് വ്യാഴാഴ്ച ബൂട്ട് കെട്ടുന്നത് എന്ന പ്രത്രേകതയുമുണ്ട്. യൂറോപ്യൻ നാട്ടങ്കമായി മാറുന്ന ഫൈനലിൽ ആര് ജയിച്ചാലും പിറക്കുന്നത് ചരിത്രമായിരിക്കും. പോർച്ചുഗലിന്റെ ആക്രമണവും ഓസ്ട്രിയയുടെ പ്രതിരോധവും തമ്മിലുള്ള പോരാട്ടമാകും ഫൈനൽ.

മേയ് മാസത്തിൽ നടന്ന അണ്ടർ17 യൂറോ കപ്പ് വിജയിച്ചാണ് പോർച്ചുഗൽ അണ്ടർ 17 ലോകകപ്പിനായി ഖത്തറിലേക്ക് വണ്ടികയറിയത്. യൂറോപ്യൻ ചാമ്പ്യന്മാരായെത്തിയ ടീമിന്റെ പ്രകടനവും മോശമായിരുന്നില്ല. മൊറോക്കോയെയും ന്യു കാലിഡോണിയയെും ആറ് ഗോളിന് കീഴടക്കി ലോകകപ്പിൽ ഗംഭീര തുടക്കമായാണ് പോർച്ചുഗൽ പടയൊരുക്കം ആരംഭിച്ചത്. ടൂർണമെന്റിൽ ഒരു മത്സരത്തിൽ മാത്രമാണ് പോർച്ചുഗൽ തോറ്റത്. ഗ്രൂപ് ഘട്ടത്തിൽ ജപ്പാനോടേറ്റ തോൽവി ഒഴിച്ചാൽ പോർച്ചുഗലിന്റെ പ്രകടനം മികച്ചതായിരുന്നു.

ബെൽജിയത്തെയും മെക്സിക്കോയെയും സ്വിറ്റ്സർലൻഡ് എന്നിവർക്കെതിരായ തകർപ്പൻ വിജയങ്ങളിൽ പോർച്ചുഗലിന്റെ ആക്രമണശേഷി പ്രകടമായതാണ്. ബ്രസീലിനെതിരായ സെമിയിലും ആക്രമിച്ച് കളിച്ചെങ്കിലും പെനാൽറ്റിയിലൂടെയാണ് വിജയിച്ചത്. പോർച്ചുഗൽ യുവനിരയുടെ ആക്രമണത്തിന്റെ സൗന്ദര്യം ആരാധകർ ആസ്വദിച്ചതാണ്. അണ്ടർ 17 ലോകകപ്പിൽ ഇതുവരെ എല്ലാ മത്സരങ്ങളിലും വിജയിച്ചാണ് ഓസ്ട്രിയ ഫൈനലിലേക്ക് എത്തുന്നത്. കളിച്ച ഏഴ് മത്സരങ്ങളിലും ഓസ്ട്രിയ വിജയിച്ചു. 17 തവണ ഓസ്ട്രിയൻ പട വല കുലുക്കിയപ്പോർ തിരിച്ച് ഒരു ഗോൾ മാത്രമാണ് ഇതുവരെ വഴങ്ങിയത്.

പോർച്ചുഗലിനെ തോൽപിച്ച ജപ്പാനെയും നോക്കൗട്ടിൽ ഓസ്ട്രിയ കീഴടക്കി എന്നതും എടുത്തുപറയേണ്ടതാണ്. കരുത്തരായ ഇംഗ്ലണ്ടും ഇറ്റലിയും ഓസ്ട്രിയക്ക് മുന്നിൽ മുട്ടുമടക്കി. സെമിയിൽ ഇറ്റലിയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയാണ് ഓസ്ര്ടിയയുടെ സ്വപ്നക്കുതിപ്പ്. ആക്രമണം തന്നെയാണ് ഇരുടീമുകളുടെയും കരുത്ത്. എന്നാൽ പോർച്ചുലഗിനെ അപേക്ഷിച്ച് ഓസ്ട്രിയയുടെ പ്രതിരോധനിര കരുത്തുറ്റതാണ്. ഇതിനെ മറികടക്കാൻ പറങ്കിപ്പടക്ക് കഴിയുമോ എന്നത് കണ്ടറിയണം.

ഒരുക്കം പൂർണം

കൗമാര പ്രതിഭകൾ മാറ്റുരക്കുന്ന ഫിഫ അണ്ടർ 17 ഫൈനലിന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം വേദിയാകും. കലാശപ്പോരിനായി ഖത്തർ തയാറായി കഴിഞ്ഞു. മത്സരത്തിനായി സ്റ്റേഡിയം പൂർണമായും സജ്ജമാണ്. സുരക്ഷയും കാണികൾക്കുള്ള സൗകര്യങ്ങളും ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും സംഘാടകർ പൂർത്തിയാക്കിയിട്ടുണ്ട്. വൈകീട്ട് ഏഴിനാണ് (ഇന്ത്യൻ സമയം രാത്രി 9.30) കിക്കോഫ്.

ദോഹ സിറ്റി സെന്ററിൽനിന്നും 11 കി.മീ ദൂരെയുള്ള ഖലീഫ സ്റ്റേഡിയം 2022ലെ ലോകകപ്പ് മത്സരങ്ങൾ, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ കപ്പ്, ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ് ഉൾപ്പെടെ നിരവധി മത്സരങ്ങളുടെ വേദിയായിരുന്നു. ലോകകപ്പിനായി 40,000 ഇരിപ്പിടങ്ങളാണ് ഒരുക്കിയിരുന്നത്. ലൂസേഴ്സ് ഫൈനൽ ഉൾപ്പെടെ എട്ടു മത്സരങ്ങളുടെ വേദിയായതും ഇവിടെയാണ്. വേദിയിലേക്ക് പൊതുഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കുകയും കൂടാതെ ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കും മത്സരങ്ങളുടെ സമയക്രമത്തിനായി സന്ദർശിക്കുക: https://www.fifa.com/en/tournaments/mens/u17worldcup/qatar-2025.



© Madhyamam