ദോഹ: ആസ്പയർ മൈതാനത്ത് പോർചുഗൽ താരം അനിസിയോ കാബ്രലിന്റെ സുന്ദരമായ രണ്ട് ഗോളിന്റെ മികവിൽ ബെൽജിയത്തിനെതിരെ (2-1) പോർചുഗലിന് അനായാസ ജയം. ടൂർണമെന്റിലുടീളം അഞ്ച് ഗോളുകൾ നേടിയിട്ടുള്ള യുവതാരം അനിസിയോ കാബ്രലിന്റെ മനോഹരമായ സിസർ കട്ടിലൂടെയാണ് സ്കോറിങ് ആരംഭിച്ചത്. എട്ട് മിനിറ്റിനുശേഷം ബെൽജിയം ഗോൾകീപ്പർ ലൂക്ക ബ്രഗ്മാൻസിനെ ബാക്ക്-പാസിലൂടെ മറികടന്ന് രണ്ടാം ഗോളും യുവതാരം നേടി. അതേസമയം, ഇടവേളക്കുമുമ്പുതന്നെ റൊമാരിയോ കുൻഹയിലൂടെ ബെൽജിയം ആദ്യ ഗോൾ നേടിയിരുന്നു. രണ്ടാം പകുതിയിൽ ബെൽജിയം പോരാട്ടം കനപ്പിച്ചെങ്കിലും പക്ഷേ പോർചുഗൽ പ്രതിരോധത്തിൽ ഗോളുകൾ കണ്ടെത്താൻ സാധിച്ചില്ല.
അതേസമയം, നോക്കൗട്ട് റൗണ്ടിൽ മികച്ച ടീം പ്രകടനം പുറത്തെടുത്ത സ്വിറ്റ്സർലൻഡിന് ഈജിപ്തിനെതിരെ (3-1) തിളക്കമുള്ള വിജയം. നെവിയോ ഷെറർ ആദ്യ ഗോൾ നേടി സ്വിറ്റ്സർലൻഡിന് തുടക്കത്തിൽ കരുത്തേകി. തുടർന്ന് 58ാം മിനിറ്റിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം ഗോളുകളിലൊന്ന് സ്വിറ്റ്സർലൻഡിലെ താരങ്ങളുടെ കൂട്ടായ്മയിൽ ആസ്പയർ മൈതാനത്ത് പിറന്നു. ഏതൻ ബ്രൂച്ചസ് ആണ് ഗോൾ നേടിയത്. രണ്ടാം പാതിയിൽ ജിൽ സ്റ്റീൽ മൂന്നാമത്തെ ഗോൾ നേടിയതോടെ സ്വിറ്റ്സർലൻഡ് തങ്ങളുടെ വിജയമുറപ്പാക്കി. കളി അവസാനിക്കാനിരിക്കെ അനസ് റോഷ്ദി ഈജിപ്തിനുവേണ്ടി ആശ്വാസ ഗോൾ നേടി.
കൊളംബിയക്കെതിരായ ശക്തമായ പോരാട്ടത്തിൽ ഫ്രാൻസിന് എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയം. അന്റോയിൻ വലേറോ (14), പിയറി മൗൻഗുവെങ്ഗു (90+4) എന്നിവരാണ് ഫ്രാൻസിനുവേണ്ടി വിജയ ഗോൾ നേടിയത്.
മറ്റൊരു കളിയിൽ സാംബിയയെ പരാജയപ്പെടുത്തി (3-1) ഫിഫ അണ്ടർ 17 ലോകകപ്പിൽ മാലി പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. 51ാം മിനിറ്റിൽ റെയ്മണ്ട് ബോംബ മാലിക്കുവേണ്ടി ഗോൾ നേടിയാണ് സ്കോറിങ് ആരംഭിച്ചത്. എന്നാൽ, 63ാം മിനിറ്റിൽ സിമ്യൂട്ട് സാംബിയക്കുവേണ്ടി തിരിച്ച് ഗോളടിച്ച് പോരാട്ടം കടുപ്പിച്ചു.
എന്നാൽ, കളിയുടെ അവസാന നിമിഷം മാലിയുടെ ശക്തമായ മുന്നേറ്റത്തിൽ സാംബിയയുടെ പ്രതിരോധനിരക്ക് പിടിച്ചുനിൽക്കാനായില്ല. സെയ്ഡൗ ഡെംബെലെ (85), കെയ്റ്റ (90+2) എന്നിവർ തുടർച്ചയായി ഗോളുകൾ സാംബിയയുടെ വല കുലുക്കി മാലിയെ വിജയത്തിലേക്ക് നയിച്ചു.
മത്സര ഫലങ്ങൾ
സാംബിയ – മാലി (1-3)
പോർചുഗൽ -ബെൽജിയം (2-1)
സ്വിറ്റ്സർലൻഡ് -ഈജിപ്ത് (3-1)
ഫ്രാൻസ് -കൊളംബിയ (2-0)
അയർലൻഡ് -കാനഡ
അമേരിക്ക -മെക്സികോ
ബ്രസീൽ -പരാഗ്വേ
ഇന്നെത്ത മത്സരങ്ങൾ
3:30 pm സെനഗൽ – യുഗാണ്ട
3:30 pm ദക്ഷിണ കൊറിയ -ഇംഗ്ലണ്ട്
4:00 pm ഇറ്റലി -ചെക് റിപ്പബ്ലിക്
4:30 pm ജപ്പാൻ -സൗത്ത് ആഫ്രിക്ക
5:45 pm ജർമനി -ബുർകിനഫാസോ
6:15 pm വെനസ്വേല -ഉത്തര കൊറിയ
6:45 pm ഓസ്ട്രിയ -തുനീഷ്യ
6:45 pm ക്രൊയേഷ്യ -ഉസ്ബകിസ്ഥാൻ
