ദോഹ: കൗമാര പ്രതിഭകൾ മാറ്റുരക്കുന്ന ഫിഫ അണ്ടർ 17 ടൂർണമെന്റിൽ തോൽവിയറിയാതെ ഓസ്ട്രിയൻ തേരോട്ടം. ജൊഹാനസ് മോസർ നേടിയ ഇരട്ട ഗോളുകളുടെ മികവിൽ ഇറ്റലിക്കെതിരെ (2-0) തകർപ്പൻ ജയവുമായി ഓസ്ട്രിയ ഫൈനൽ പ്രവശനമുറപ്പാക്കി.അറ്റാക്കിങ് മിഡ്ഫീൽഡർ ജൊഹാനസ് മോസർ ഓസ്ട്രിയക്ക് അവിസ്മരണീയമായ വിജയമാണ് സമ്മാനിച്ചത്. ഇറ്റലിക്കെതിരെ രണ്ടു ഗോളുകൾ നേടിയ മോസർ ടൂർണമെന്റിലുടനീളം എട്ടു ഗോളുകളാണ് ഇതുവരെ നേടിയത്.
ഇറ്റലിക്കെതിരെ രണ്ടു ഗോൾ നേടിയ ജൊഹാനസ്
മോസർ
ആദ്യ പകുതിയിൽ, സമ്മർദത്തോടെ കളത്തിലിറങ്ങിയ ഇരു ടീമുകളും ഗോളുകളൊന്നും നേടാനാകാതെ പിരിയുകയായിരുന്നു. ഇറ്റലി നിരവധി തവണ ഗോൾ ലക്ഷ്യമാക്കി ശ്രമങ്ങൾ നടത്തിയെങ്കിലും പക്ഷേ, വല കുലുക്കാനായില്ല.
ഇടവേളക്കുശേഷം ഓസ്ട്രിയ വിജയമുറപ്പാക്കാൻ ലക്ഷ്യമിട്ടാണിറങ്ങിയത്. കളി തുടങ്ങി 12 മിനിറ്റിനുള്ളിൽ ഓസ്ട്രിയ മികച്ച ടീം വർക്കിലൂടെ ആദ്യ ഗോൾ കണ്ടെത്തി. ജേക്കബ് വെർണർ പ്രതിരോധനിരയെ മറികടന്ന് ജൊഹാനസ് മോസറിന് പാസ് നൽകുന്നു, പാസ് സ്വീകരിച്ച മോസർ ഇറ്റലിയുടെ ഗോൾകീപ്പർ അലസ്സാണ്ട്രോ ലോംഗോണിയെ മറികടന്ന് ബാൾ വലയിലാക്കുകയായിരുന്നു. പകരക്കാരനായി വന്ന വലേരിയോ മക്കറോണി ഇറ്റലിക്കുവേണ്ടി സമനില ഗോളിനായി ശ്രമം നടത്തിയെങ്കിലും വിഫലമായി. മത്സരത്തിന്റെ അവസാന നിമിഷം ഇറ്റാലിയൻ പ്രതിരോധ താരം ബെനിറ്റ് ബൊറാസിയോ റെഡ് കാർഡ് ലഭിച്ച് പുറത്തായതോടെ ഇറ്റലി കൂടുതൽ പ്രതിരോധത്തിലായി.
തുടർന്ന് ലഭിച്ച ഫ്രീകിക്ക് മോസർ അതിമനോഹരമായി വലയിലെത്തിച്ചതോടെ ഓസ്ട്രിയയുടെ വിജയം ഉറപ്പിച്ചു.രണ്ടാമത്തെ ഗോൾ വിജയത്തിന്റെ മാധുര്യം വർധിപ്പിച്ചു. ലോകകപ്പിൽ ഇതുവരെ തോൽവിയറിയാത്ത ഓസ്ട്രിയ പ്രതീക്ഷയോടെയാകും ഫൈനലിൽ ഇറങ്ങുക.
