ലോകകപ്പ് ആവേശം റിയാദിൽ; ഫിഫ ട്രോഫി പര്യടനത്തിന് സൗദിയിൽ തുടക്കം

റിയാദ്: ഫുട്ബാൾ ലോകം കാത്തിരിക്കുന്ന 2026ലെ ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള ആഗോള ട്രോഫി പര്യടനത്തിന് റിയാദിൽ പ്രൗഢഗംഭീര തുടക്കം. ശനിയാഴ്ച ഔദ്യോഗികമായി ആരംഭിച്ച പര്യടനത്തി​ന്റെ ലോകത്തിലെ ആദ്യ സ്​റ്റോപ്പായി റിയാദിനെയാണ് ഫിഫ തെരഞ്ഞെടുത്തത്.

താരനിബഢമായ സ്വീകരണമാണ്​ റിയാദിൽ ട്രോഫി പര്യടനത്തിന്​ ലഭിച്ചത്​. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തിയ ട്രോഫിയെ ഫുട്ബാൾ ഇതിഹാസങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് വരവേറ്റു. ഇറ്റാലിയൻ ലോകകപ്പ് ജേതാവ് അലസ്സാൻഡ്രോ ഡെൽ പിയേറോയാണ് ഫിഫ പ്രതിനിധിയായി ട്രോഫി അനാച്ഛാദനം ചെയ്തത്. ചടങ്ങിൽ മുൻ സൗദി ഫുട്ബാൾ താരങ്ങളായ മജീദ് അബ്​ദുല്ലയും ഫുവാദ് അൻവറും സന്നിഹിതരായിരുന്നു.

അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പ് ടൂർണമെൻറുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പായിരിക്കും. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. 150 ദിവസം നീളുന്നതാണ്​ ലോകകപ്പ്​ ട്രോഫിയുടെ ആഗോള പര്യടനം. ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളിലായി 75 കേന്ദ്രങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കും. ലോകകപ്പിന് മുമ്പായി ആഗോളതലത്തിൽ ഫുട്ബാൾ ആവേശം എത്തിക്കുക എന്നതാണ്​ ലക്ഷ്യം.

ലോക ഫുട്ബാൾ ഭൂപടത്തിൽ സൗദി അറേബ്യയുടെ വളരുന്ന പ്രാധാന്യത്തെ അടിവരയിടുന്നതാണ് റിയാദിൽ നിന്നുള്ള ഈ പര്യടനത്തി​ന്റെ തുടക്കം. അത്​ രാജ്യത്തിന്​ അഭിമാനനിമിഷമായി മാറി. ആഗോള പര്യടനത്തി​ന്റെ ആരംഭ സ്ഥാനമായി ലോകകപ്പ് ട്രോഫിയെ വരവേൽക്കുന്നതിൽ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ടെന്ന്​ സൗദി ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡൻറ് ലാമിയ ബഹ്‍യാൻ പറഞ്ഞു.​

ഫുട്ബാളിനോട് വലിയ അഭിനിവേശമുള്ള രാഷ്​ട്രമെന്ന നിലയിലും ഭാവിയിൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന രാജ്യമെന്ന നിലയിലും ഈ യാത്ര ഇവിടെ തുടങ്ങുന്നത് വലിയൊരു അംഗീകാരമാണ്​. അറബ് മേഖലയിൽ ഫുട്ബാളിനോടുള്ള വർധിച്ചുവരുന്ന ജനതാൽപര്യവും അന്താരാഷ്​ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സൗദിയുടെ കഴിവും ഈ നീക്കത്തിലൂടെ ഒരിക്കൽ കൂടി വ്യക്തമാക്കപ്പെട്ടു -അദ്ദേഹം കൂട്ടിച്ചേർത്തു.



© Madhyamam