
ബർമിംഗ്ഹാം: എഫ്.എ കപ്പ് നാലാം റൗണ്ടിൽ ടോട്ടൻഹാം ഹോട്സ്പറിനെ 2-1 ന് തകർത്ത് ആസ്റ്റൺ വില്ല അഞ്ചാം റൗണ്ടിലേക്ക് മുന്നേറി. തിങ്കളാഴ്ച (10/2/2025) പുലർച്ചെ വില്ല പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ മിനിറ്റിൽ തന്നെ ജേക്കബ് റാംസിയും 64-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സും വില്ലയ്ക്കായി ഗോളുകൾ നേടി. ഇഞ്ചുറി ടൈമിൽ മാത്തിസ് ടെൽ നേടിയ ഗോൾ ടോട്ടൻഹാമിന് ആശ്വാസം പകർന്നു.
ആദ്യ മിനിറ്റിൽ തന്നെ മോർഗൻ റോജേഴ്‌സിന്റെ പാസിൽ നിന്ന് ജേക്കബ് റാംസി ഗോൾ നേടിയതോടെ വില്ല മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. രണ്ടാം പകുതിയിൽ മോർഗൻ റോജേഴ്‌സ് വീണ്ടും വില്ലയുടെ ലീഡ് ഉയർത്തി.
ടോട്ടൻഹാമിന്റെ ഡെജാൻ കുലുസെവ്‌സ്‌കി ഇഞ്ചുറി ടൈമിൽ നൽകിയ ക്രോസ് മാത്തിസ് ടെൽ ഗോളാക്കി മാറ്റിയെങ്കിലും വിജയം വില്ലയ്ക്ക് സ്വന്തമാക്കാനായി.
52% പന്ത് കൈവശം വച്ച വില്ല 16 ഷോട്ടുകൾ ഉതിർത്തതിൽ ഏഴെണ്ണം ലക്ഷ്യത്തിലെത്തി.
അഞ്ചാം റൗണ്ടിലേക്ക് യോഗ്യത നേടിയ 14-ാമത്തെ ടീമാണ് ആസ്റ്റൺ വില്ല. അഞ്ചാം റൗണ്ടിന്റെ നറുക്കെടുപ്പ് തിങ്കളാഴ്ച നടക്കും.