റബാത്ത് (മൊറോക്കോ): ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരെയും മറിച്ചിട്ട് മുഹമ്മദ് സലാഹിന്റെയും സംഘത്തിന്റെയും കുതിപ്പ്. അവസാന ക്വാർട്ടർ ഫൈനലിൽ ഐവറി കോസ്റ്റിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച് ഈജിപ്ത് സെമി ഫൈനലിൽ ഇടംപിടിച്ചു. മറ്റൊരു ക്വാർട്ടറിൽ നൈജീരിയ മറുപടിയില്ലാത്ത രണ്ട് ഗോളിന് അൾജീരിയയെയും തോൽപിച്ചു. ബുധനാഴ്ച നടക്കുന്ന സെമിയിൽ സെനഗാളിനെ ഈജിപ്തും ആതിഥേയരായ മൊറോക്കോയെ നൈജീരിയയും നേരിടും.
കളിയുടെ നാലാം മിനിറ്റിൽത്തന്നെ മാഞ്ചസ്റ്റർ സിറ്റി താരം ഉമർ മർമൂഷ് ഈജിപ്തിനായി അക്കൗണ്ട് തുറന്നു. 32ാം മിനിറ്റിൽ റാമി റാബിയ ലീഡ് കൂട്ടിയതോടെ ചാമ്പ്യന്മാർ രണ്ട് ഗോളിന് പിന്നിൽ. എന്നാൽ, 40ാം മിനിറ്റിൽ ഈജിപ്ഷ്യൻ താരം അഹ്മദ് അബു അൽ ഫതഹിന്റെ പേരിൽ രേഖപ്പെടുത്തിയ സെൽഫ് ഗോൾ ഐവറി കോസ്റ്റിന് ആശ്വാസമായി. ആദ്യ പകുതിയിൽ 70 ശതമാനവും പന്തധീനത ഐവറി കോസ്റ്റിനായിരുന്നു.
രണ്ടാം പകുതി തുടങ്ങി 52ാം മിനിറ്റിൽ സലാഹിന്റെ വക. ഇതോടെ വീണ്ടും പതറിയ ഐവറി കോസ്റ്റിനായി 73ാം മിനിറ്റിൽ ഗുവേല ഡൂ സ്കോർ ചെയ്തെങ്കിലും ഫലം മാറ്റാനായില്ല. രണ്ടാം പകുതിയിൽ പത്ത് മിനിറ്റിനിടെ പിറന്ന രണ്ട് ഗോളുകളിലൂടെയാണ് അൾജീരിയയെ നൈജീരിയ മടക്കിയത്. 47ാം മിനിറ്റിൽ വിക്ടർ ഒസിമനും 57ൽ അകോർ ആഡംസും വല ചലിപ്പിച്ചു. കഴിഞ്ഞ ദിവസം മാലിയെ 1-0ത്തിന് വീഴ്ത്തി സെനഗാളും കാമറൂണിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി മൊറോക്കോയും സെമിയിലെത്തിയിരുന്നു.
Africa Cup of Nations
