റോമയുമായി കരാർ പുതുക്കാൻ ഡിബാല; ഉടൻ ഒപ്പുവെക്കുമെന്ന് റിപ്പോർട്ടുകൾ


റോമയുമായുള്ള കരാർ പുതുക്കാൻ പൗലോ ഡിബാല; നടപടികൾ ഞായറാഴ്ചയ്ക്ക് ശേഷം

ലാ ഗസെറ്റ ഡെല്ലോ സ്‌പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം, ലാസിയോയ്‌ക്കെതിരായ ഞായറാഴ്ചത്തെ ഡെർബി മത്സരത്തിന് ശേഷം പൗലോ ഡിബാല റോമയുമായുള്ള തന്റെ കരാർ പുതുക്കി ഒപ്പുവെക്കും.

അർജന്റീനിയൻ പ്ലേമേക്കറായ ഡിബാലയുടെ ഏജന്റ് കാർലോ നോവൽ, പുതിയ കരാറിന്റെ നിബന്ധനകൾ ചർച്ച ചെയ്യുന്നതിനായി റോമയുടെ സ്‌പോർട്ടിംഗ് ഡയറക്ടറുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ കരാർ അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.

പുതിയ കരാർ പ്രകാരം ഡിബാലയ്ക്ക് 2.5 ദശലക്ഷം യൂറോ നിശ്ചിത ശമ്പളമായി ലഭിക്കും. വരും സീസണുകളിൽ താരം കളിക്കുന്ന മത്സരങ്ങളുടെ എണ്ണം, ഗോളുകൾ, അസിസ്റ്റുകൾ എന്നിവയെ അടിസ്ഥാനമാക്കി ഈ തുകയിൽ വർദ്ധനവുണ്ടാകും.

ഈ സീസണിൽ പരിക്കുകൾ ഡിബാലയെ അലട്ടിയിരുന്നെങ്കിലും, ഹെഡ് കോച്ച് ജിയാൻ പിയറോ ഗാസ്പെറിനിയുടെ നിരന്തരമായ പിന്തുണയാണ് താരം കരാർ പുതുക്കാൻ പ്രധാന കാരണമായത്.

© Madhyamam