ഫിഫ ലോകകപ്പ് സംപ്രേഷണം ചെയ്യണമെന്ന ഹർജിയിൽ കേന്ദ്രത്തിന്റെ നിലപാട് തേടി ഡൽഹി ഹൈക്കോടതി


2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെയും പ്രസാർ ഭാരതിയുടെയും നിലപാട് വ്യക്തമാക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. ജൂൺ 11-ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അവധേഷ് ബൈർവ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് ഹർജി പരിഗണിച്ച ശേഷം കേസ് മെയ് 20-ലേക്ക് മാറ്റി.

ലോകകപ്പിന്റെ ഉദ്ഘാടന മത്സരം, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിവ പ്രസാർ ഭാരതി വഴി സംപ്രേക്ഷണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. സാധ്യമാണെങ്കിൽ ടൂർണമെന്റിലെ 104 മത്സരങ്ങളും സംപ്രേക്ഷണം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ഈ ലോകകപ്പിനായി ഇന്ത്യയിൽ സംപ്രേക്ഷണാവകാശം ആരും വാങ്ങിയിട്ടില്ലെന്നും, ഇത് കായിക പ്രേമികളായ ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ മൗലികാവകാശത്തെ ബാധിക്കുന്ന വിഷയമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

ഇതൊരു പൊതുതാൽപ്പര്യ ഹർജിയായി പരിഗണിക്കരുതെന്ന കോടതിയുടെ സംശയത്തിന്, ജനങ്ങൾക്ക് കായിക മത്സരങ്ങൾ കാണാനുള്ള അവകാശമുണ്ടെന്നും കോടതിയുടെ ഒരു ഇടപെടൽ ഇക്കാര്യത്തിൽ വലിയ സഹായമാകുമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. 1998 മുതൽ എല്ലാ ലോകകപ്പുകളും ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യാറുണ്ടെങ്കിലും ഇത്തവണ അതുണ്ടാകാത്തത് വലിയൊരു വിഭാഗം ജനങ്ങളെ നിരാശരാക്കുമെന്ന് ഹർജിയിൽ പറയുന്നു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ഇത്തവണത്തെ ഫിഫ ലോകകപ്പ് നടക്കുന്നത്.

© Madhyamam