ക്രിസ്റ്റ്യാനോയുടെ ‘അസാധാരണ’ ഗോളിനും രക്ഷിക്കാനായില്ല, അൽ നസ്റിന്‍റെ വിജയ കുതിപ്പിന് തടയിട്ട് അൽ ഇത്തിഫാഖ് -വിഡിയോ

റിയാദ്: സൗദി പ്രോ ലീഗിൽ നേടിയ ഗോൾ കണ്ട് പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ അമ്പരന്നുപോയി! എന്നിട്ടും അൽ നസ്റിനെ ജയത്തിലേക്ക് നയിക്കാനായില്ല. ആവേശ പോരാട്ടത്തിൽ അൽ ഇത്തിഫാഖാണ് റിയാദ് ക്ലബിനെ സമനിലയിൽ തളച്ചത്.

ലീഗിലെ നസ്റിന്‍റെ വിജയകുതിപ്പിന് കൂടിയാണ് ഇത്തിഫാഖ് പൂട്ടിട്ടത്. സീസണിൽ കളിച്ച പത്തു മത്സരങ്ങളും ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിൽ എതിരാളികളുടെ തട്ടകത്തിലെത്തിയ ക്രിസ്റ്റ്യാനോയെയും സംഘത്തെയും 2-2 എന്ന സ്കോറിലാണ് പിടിച്ചുകെട്ടിയത്. മത്സരത്തിന്‍റെ 16ാം മിനിറ്റിൽ ജോർജിനിയോ വിനാൾഡമിന്‍റെ ഗോളിലൂടെ ഇത്തിഫാഖാണ് ആദ്യം ലീഡെടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജാവോ ഫെലിക്സ് (47) നസ്റിനെ ഒപ്പമെത്തിച്ചു. മത്സരത്തിന്‍റെ 67ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ ആ അസാധാരണ ഗോൾ എത്തിയത്.

ബോക്സിലെ കൂട്ടപൊരിച്ചിലിനൊടുവിൽ ഫെലിക്സ് വലക്ഷ്യമാക്കി പന്തു തൊടുത്തു, ഇത്തിഫാഖ് ഗോൾകീപ്പർ പന്തിന്‍റെ ദിശനോക്കി വലതുഭാഗത്തേക്ക് ചാടി. എന്നാൽ, ഈസമയം ഗോൾ പോസ്റ്റിനു മുന്നിലുണ്ടായിരുന്ന ക്രിസ്റ്റ്യാനോയുടെ പുറകിൽ തട്ടിയ പന്ത് ദിശമാറി നേരെ പോസ്റ്റിന്‍റെ എതിർഭാഗത്തേക്ക് കയറി വലകുലുക്കി. ഗോൾ കണ്ട് ക്രിസ്റ്റ്യാനോക്ക് തന്നെ അമ്പരപ്പ്, സഹതാരങ്ങളും ഗാലറിയിൽ ആരാധകരും തലയിൽ കൈവെച്ചു. നസ്ർ മത്സരത്തിൽ മുന്നിലെത്തി. സിആർ7ന്‍റെ കരിയർ ഗോൾ എണ്ണം 957ൽ.

കരിയറിൽ 1000 ഗോളുകൾ എന്ന നേട്ടം താരത്തിന് അകലെയല്ല. എന്നാൽ, ഇത്തിഫാഖ് തോൽവി സമ്മതിക്കാൻ ഒരുക്കമല്ലായിരുന്നു. 80ാം മിനിറ്റിൽ വിനാൾഡം വീണ്ടും രക്ഷകനായി. ടീമിന് ജയത്തോളം പോന്ന സമനില. മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ലീഗിൽ നസ്ർ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 11 മത്സരങ്ങളിൽനിന്ന് 31 പോയന്‍റ്. രണ്ടാമതുള്ള അൽ താവൂന് ഇത്രയും മത്സരങ്ങളിൽനിന്ന് 28 പോയന്‍റും.

പരിക്കുകൾ ഏൽക്കാതെ മുന്നോട്ടു പോകാനായാൽ താൻ ആഗ്രഹിക്കുന്ന ആ സ്വപ്ന സംഖ്യയിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞദിവസം ദുബൈയിൽ നടന്ന ഗ്ലോബ് സോക്കർ അവാർഡ് ചടങ്ങിൽ ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. ഗോൾ എണ്ണത്തിനും കിരീട നേട്ടത്തിനും അപ്പുറം മധ്യപൂർവേഷ്യൻ ഫുട്ബാളിന് ഉയിർത്തെഴുന്നേൽപ് നൽകിയതിനുള്ള അംഗീകാരമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗ്ലോബ് സോക്കർ പുരസ്കരം തുടർച്ചയായി മൂന്നാം തവണയും സമ്മാനിച്ചത്.



© Madhyamam