ചെൽസിയുടെ പുതിയ പരിശീലകനായി സാബി അലോൺസോ എത്തിയേക്കും
ചെൽസിയുടെ പുതിയ ഹെഡ് കോച്ചായി സാബി അലോൺസോയെ നിയമിക്കാൻ ക്ലബ്ബ് ധാരണയിലെത്തുന്നതായി ടോക്ക്സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.
മെയ് 16-ന് നടക്കുന്ന എഫ്എ കപ്പ് ഫൈനലിന് ശേഷം കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. പുതിയ സീസണിന് മുന്നോടിയായി പരിശീലകനെ സംബന്ധിച്ച പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ചെൽസി ലക്ഷ്യമിടുന്നത്.
ജനുവരിയിൽ റയൽ മാഡ്രിഡ് വിട്ട അലോൺസോ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. നേരത്തെ ഇംഗ്ലണ്ടിലെ പല പ്രമുഖ ക്ലബ്ബുകളിലേക്കും അദ്ദേഹത്തിന്റെ പേര് ഉയർന്നു കേട്ടിരുന്നു.
ലിവർപൂളിന്റെ മുൻ മിഡ്ഫീൽഡറായ അലോൺസോയുമായി ബന്ധപ്പെട്ട് ലിവർപൂളിന്റെയും ന്യൂകാസിലിന്റെയും പേരുകൾ ഉയർന്നിരുന്നു. ഈ വർഷം ആദ്യം മാഴ്സെയിൽ നിന്ന് ലഭിച്ച ഓഫർ അദ്ദേഹം നിരസിച്ചതായും റിപ്പോർട്ടുകളുണ്ട്.
ദീർഘകാലാടിസ്ഥാനത്തിൽ ഒരു പരിശീലകനെ നിയമിക്കാൻ ശ്രമിക്കുന്ന ചെൽസി, ഇപ്പോൾ മറ്റ് ക്ലബ്ബുകളെക്കാൾ മുന്നിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
