ലണ്ടൻ: ഇറ്റാലിയൻ ഫുട്ബാളിന് ഇതെന്തുപറ്റി? തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് കാണാതെ പുറത്തേക്കുള്ള വഴിയിലാണ് ദേശീയ ടീമെങ്കിൽ മുൻനിര ക്ലബുകളും സീനിയർ പോരാട്ടങ്ങളിൽ കാലിടറുന്നത് തുടരുന്നു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ഘട്ടത്തിൽ സീരി എ ചാമ്പ്യന്മാരായ നാപ്പോളി മടങ്ങിയതിന് പിറകെ കഴിഞ്ഞ ഫൈനലിസ്റ്റുകളായ ഇന്റർ മിലാൻ േപ്ലഓഫ് കടക്കാനാകാതെയും പുറത്തായി. ഒമ്പത് മാസം മുമ്പ് ബയേൺ മ്യൂണിക്കിനെയും ബാഴ്സയെയും കടന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയ മിലാൻ ടീം ഇത്തവണ നോർവേ ക്ലബായ ബോഡോ ഗ്ലിംറ്റിനോട് ഇരുപാദങ്ങളിലായി 5-2ന് തോൽവി വഴങ്ങിയാണ് േപ്ലഓഫിൽ മടങ്ങിയത്. ബോഡോയുടെ തട്ടകത്തിൽ നടന്ന ഒന്നാം പാദത്തിൽ 3-1ന് തോറ്റ ഇന്റർ സ്വന്തം തട്ടകമായ സാൻ സിറോയിൽ 2-1നും തോറ്റു.
പലവട്ടം ഗോൾമുഖം തുറന്നിട്ടും നിർഭാഗ്യം കൂടി വഴിമുടക്കിയായിരുന്നു ഇറ്റലിക്കാരുടെ കണ്ണീർ മടക്കം. നേരത്തെ ഗ്രൂപ് ഘട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി, അത്ലറ്റികോ മഡ്രിഡ് എന്നിവയെ തോൽപിച്ച ബോഡോ ടീം ചരിത്രത്തിലാദ്യമായാണ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെത്തുന്നത്.
സോർലോത്ത് ട്രിക്കിൽ അത്ലറ്റികോ
അലക്സാണ്ടർ സോർലോത്ത് എന്ന അതികായൻ തുണച്ച് ലാ ലിഗ ക്ലബായ അത്ലറ്റികോ മഡ്രിഡ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ. ക്ലബ് ബ്രൂഗോയെ 4-1ന് (ഇരുപാദങ്ങളിലായി 7-4) തകർത്താണ് ടീം കളി കാര്യമാക്കിയത്.
23ാം മിനിറ്റിൽ നോർവേ സ്ട്രൈക്കർ സോർലോത്തിലൂടെ അത്ലറ്റികോ മുന്നിലെത്തിയെങ്കിലും വൈകാതെ ബ്രൂഗെ ഒപ്പം പിടിച്ചു. പിന്നെയും കൊണ്ടും കൊടുത്തും മുന്നേറിയ ഇരു ടീമും സാധ്യതകൾ നിലനിർത്തി ഏറെ നേരം കളി നയിച്ചതിനൊടുവിൽ സോർലോത്തും ടീമും ഗോൾമഴയുമായി അവസാന ലാപ്പ് അനായാസമാക്കുകയായിരുന്നു. മറ്റൊരു കളിയിൽ പ്രിമിയർ ലീഗ് ടീമായ ന്യൂകാസിൽ യുനൈറ്റഡ് അസർബൈജാൻ ക്ലബായ ഖരബാഗിനെ 3-2ന് (ഇരുപാദങ്ങളിലായി 9-3) പരാജയപ്പെടുത്തി പ്രീക്വാർട്ടറിലെത്തി. കഴിഞ്ഞ ആഴ്ച ആദ്യ പാദത്തിൽ ഗോൾമഴ പെയ്ത് എതിരാളികൾക്കുമേൽ സമ്മർദമുറപ്പിച്ചായിരുന്നു ന്യൂകാസിൽ രണ്ടാം പാദം കളിക്കാനിറങ്ങിയത്.
ബുണ്ടസ് ലിഗ ക്ലബായ ലെവർകൂസനും പ്രീക്വാർട്ടറിലെത്തിയിട്ടുണ്ട്. ഒളിമ്പ്യാകോസിനെതിരെ ഗോൾരഹിത സമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യ പാദത്തിലെ രണ്ട് ഗോൾ ലീഡ് തുണച്ചാണ് അടുത്ത റൗണ്ടിൽ ഇടമുറപ്പിച്ചത്.
