2026 ലോകകപ്പ് ടീം പ്രഖ്യാപനം: അപ്രതീക്ഷിതമായിരുന്നുവെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ്
2026 ലോകകപ്പിനായുള്ള ബ്രസീൽ ഫുട്ബോൾ ടീമിനെ തിരഞ്ഞെടുത്ത രീതിയിൽ അത്ഭുതം പ്രകടിപ്പിച്ച് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) പ്രസിഡന്റ് സമീർ ഹൗദ് രംഗത്ത്.
ടീം തിരഞ്ഞെടുപ്പിൽ മുഖ്യ പരിശീലകൻ കാർലോ ആൻസലോട്ടിക്ക് പൂർണ്ണ സ്വാതന്ത്ര്യമാണ് നൽകിയിരുന്നത്. അതിനാൽ ടീമിലെ പല പേരുകളും, പ്രത്യേകിച്ച് നെയ്മറുടെ മടങ്ങിവരവ് തനിക്ക് അപ്രതീക്ഷിതമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
“നിങ്ങളെപ്പോലെ തന്നെ ഞാനും ഇക്കാര്യത്തിൽ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ പരിശീലകരുമായി ഞാൻ ടീമിനെക്കുറിച്ചോ കളിക്കാരുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചോ ചർച്ച ചെയ്യാറില്ല. പരിശീലക സംഘത്തിന് 100 ശതമാനം സ്വയംഭരണാധികാരമുണ്ടെന്ന് ഞാൻ എപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക തീരുമാനങ്ങളിൽ ഇടപെടുന്നത് പ്രസിഡന്റ് എന്ന നിലയിൽ എന്റെ ജോലിയല്ല. ആൻസലോട്ടിയോട് ഫുട്ബോളിനെക്കുറിച്ച് ചർച്ച ചെയ്യാൻ മാത്രം ഞാൻ ആരാണ്? അതുകൊണ്ട് തന്നെയാണ് ഈ കാര്യത്തിൽ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയത്,” സമീർ പറഞ്ഞു.
“നമ്മുടെ ദേശീയ ടീമിന് ചില പ്രധാന താരങ്ങളെ നഷ്ടമായിട്ടുണ്ട്. ലോകകപ്പിൽ അവരെ നമ്മൾ മിസ് ചെയ്യും. എന്നാൽ ബ്രസീലിയൻ ആരാധകരോട് എനിക്ക് പറയാനുള്ളത് ഇതാണ്: വ്യക്തികളല്ല, ടീമാണ് ലോകകപ്പ് നേടുന്നത്. ടീം ഒന്നടങ്കം ഒത്തൊരുമയോടെയും ശ്രദ്ധ കേന്ദ്രീകരിച്ചും കളിച്ചാൽ അത് വലിയ മാറ്റമുണ്ടാക്കും. നിങ്ങൾ മുൻപ് കളിക്കാരായിരുന്നവരാണ്, ചാമ്പ്യൻമാരാണ്, അത് നിങ്ങൾക്ക് നന്നായി അറിയാമല്ലോ. ഒരു ടീം കെട്ടുറപ്പുള്ളതും ശക്തവുമാണെങ്കിൽ ലോകകപ്പ് ഫൈനലിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അത് നമ്മൾ ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
