റയോ ഡി ജനീറോ: ബ്രസീൽ ഫുട്ബാൾ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ. പതിവ് പരിശോധനക്കിടെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയതോടെയാണ് റയോ ഡി ജനീറോയിലെ ആശുപത്രിയിൽ 52കാരന് അടിന്തര ശസ്ത്രക്രിയ നടത്തിയത്. ലോകകപ്പ് ചാമ്പ്യൻ ടീം അംഗവും മുൻ റയൽ മഡ്രിഡ് താരവുമായ കാർലോസ് അവധിക്കാലം ആഘോഷിക്കാനായി ബ്രസീലിലെത്തിയപ്പോഴായിരുന്നു ഹൃദ്രോഗം തിരിച്ചറിഞ്ഞതും ചികിത്സ ആരംഭിച്ചതും.
താരം സുഖം പ്രാപിക്കുന്നതായും 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 1990 മുതൽ 2016 വരെ നീണ്ടുനിന്ന ക്ലബ്, ദേശീയ ടീം കരിയറിലൂടെ ലോകമെങ്ങും ഫുട്ബാൾ ആരാധകരുടെ ഇഷ്ടതാരമായി മാറിയ ലെഫ്റ്റ് ബാക്കാണ് കാർലോസ്. 1992 മുതൽ 2006 വരെ ബ്രസീൽ ദേശീയ ടീം അംഗമായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായിരുന്ന ഡൽഹി ഡൈനാമോസിൽ കളിച്ച് 2016ലാണ് കളംവിട്ടത്.
