ഒന്നാംപാദ സെമി ആഴ്സനലിന് സ്വന്തം, ഗർനാച്ചോയുടെ ഇരട്ടഗോളുകൾക്കും ചെൽസിയെ രക്ഷിക്കാനായില്ല

ലണ്ടൻ: ലീഗ് കപ്പ് സെമി ഫൈനൽ ഒന്നാംപാദ പോരാട്ടത്തിൽ ചെൽസിയെ വീഴ്ത്തി ആഴ്സനൽ. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പീരങ്കിപ്പടയുടെ ജയം. രണ്ടാംപാദ മത്സരം ഫെബ്രുവരി നാലിന് ആഴ്സനലിന്‍റെ തട്ടകത്തിൽ നടക്കും.

ബെൻ വൈറ്റ്, വിക്ടർ ഗ്യോകറസ്, മാർട്ടിൻ സുബിമെൻഡി എന്നിവരാണ് ആഴ്സനലിനായി വലകുലുക്കിയത്. പകരക്കാരനായി കളത്തിലിറങ്ങിയ അലജാന്ദ്രോ ഗർനാച്ചോ ചെൽസിക്കായി ഇരട്ടഗോളുകൾ നേടി. ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസിന്‍റെ പിഴവാണ് ആഴ്സനലിന്‍റെ രണ്ടു ഗോളിന് വഴിയൊരുക്കിയത്. മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ വൈറ്റിലൂടെ ആഴ്സനലാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. ഡെക്ലാൻ റൈസിന്‍റെ കോർണർ കിക്കിൽ ബോക്സിനുള്ളിലേക്ക് ഉയർന്നുവന്ന പന്ത് പിടിക്കാനായി സാഞ്ചസ് മുന്നോട്ട് കയറിവന്നെങ്കിലും താരത്തിന് പന്ത് കൈയിലൊതുക്കാനായില്ല. വൈറ്റ് ഹെഡ്ഡറിലൂടെ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. ഗോൾ മടക്കാനുള്ള എൻസോ ഫെർണാണ്ടസിന്‍റെയും എസ്റ്റാവോ വില്യമിന്‍റെയും ശ്രമങ്ങളൊന്നും ഫലംകണ്ടില്ല.

ഗ്യോകറസ്, സുബിമെൻഡി, വില്യം സാലിബ എന്നിവർക്കും ലീഡ് വർധിപ്പിക്കാനുള്ള അവസരങ്ങളുണ്ടായിരുന്നു. 1-0 എന്ന സ്കോറിനാണ് ഇടവേളക്കു പിരിഞ്ഞത്. രണ്ടാം പകുതി തുടങ്ങി നാലു മിനിറ്റിനുള്ളിൽ ഗ്യോകറസിലൂടെ സന്ദർശകർ ലീഡ് ഇരട്ടിയാക്കി. ഗ്രൗണ്ടിന്‍റെ വലതുമൂലയിൽനിന്ന് വന്ന ക്രോസ് കൈപിടിയിലൊതുക്കുന്നതിൽ സാഞ്ചസിന് പിഴച്ചു. സാഞ്ചസിന്‍റെ കൈയിൽ തട്ടി വന്ന പന്ത് ഗോളിലേക്ക് വഴിതിരിച്ചുവിടാനുള്ള പണി മാത്രമേ ഗ്യോകറസിന് ഉണ്ടായിരുന്നുള്ളു. 53ാം മിനിറ്റിൽ പകരക്കാരനായി ഗർനാച്ചോ കളത്തിലെത്തി. നാലു മിനിറ്റിനുള്ളിൽ താരം ചെൽസിക്കായി ഒരു ഗോൾ മടക്കി.

പെഡ്രോ നെറ്റോയാണ് ഗോളിന് വഴിയൊരുക്കിയത്. 71ാം മിനിറ്റിലായിരുന്നു ആഴ്സനലിനായി സുബിമെൻഡിയുടെ ഗോളെത്തിയത്. ഗ്യോകറസാണ് അസിസ്റ്റ് നൽകിയത്. നിശ്ചിത സമയം അവസാനിക്കാൻ ഏഴു മിനിറ്റ് ബാക്കി നിൽക്കെ ഗർനാച്ചോ രണ്ടാം ഗോൾ നേടി ടീമിന്‍റ തോൽവി ഭാരം കുറച്ചു. രണ്ടാംപാദത്തിൽ രണ്ടു ഗോളിന്‍റെ വ്യത്യാസത്തിൽ ജയിക്കാനായാൽ ചെൽസിക്ക് കലാശപ്പോരിന് ടിക്കറ്റെടുക്കാം.

ആദ്യ സെമി ഫൈനൽ ഒന്നാംപാദ പോരാട്ടത്തിൽ ന്യൂകാസിൽ യുനൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയിച്ചിരുന്നു. ജെയിംസ് പാർക്കിൽ ആതിഥേയർ മറുപടിയില്ലാത്ത രണ്ട് ഗോളിന്റെ തോൽവി ഏറ്റുവാങ്ങി. 53ാം മിനിറ്റിൽ അന്റോയിൻ സെമെന്യോയും ഇൻജുറി ടൈമിൽ റയാൻ ചെർകിയും (90+9) സ്കോർ ചെയ്തു. രണ്ടാംപാദം ഫെബ്രുവരി നാലിന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കും.



© Madhyamam