ഹിസോർ (തജികിസ്താൻ): മധ്യേഷ്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കാറുള്ള കാഫ നാഷൻസ് കപ്പിൽ ആദ്യമായി പങ്കെടുക്കുന്ന ഇന്ത്യക്ക് ചരിത്രനേട്ടം ഒരു ജയമരികെ. മൂന്നാംസ്ഥാനക്കാരെ നിശ്ചയിക്കാൻ തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ അറേബ്യൻ കരുത്തരായ ഒമാനാണ് ഖാലിദ് ജമീലിന്റെയും സംഘത്തിന്റെയും എതിരാളികൾ. അന്താരാഷ്ട്രതലത്തിൽ 79ാം റാങ്കുകാരായ സുൽത്താനേറ്റിനെ അട്ടിമറിക്കാനായാൽ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കൊരുങ്ങുന്ന ഇന്ത്യക്ക് അത് വലിയ ഊർജം നൽകും.
ഗ്രൂപ് ‘ബി’യിൽ ഓരോ ജയവും തോൽവിയും സമനിലയുമായാണ് ബ്ലൂ ടൈഗേഴ്സ് പ്ലേ ഓഫിൽ കടന്നത്. ആതിഥേയരായ തജികിസ്താനെ 2-1ന് തോൽപിച്ച് തുടങ്ങിയ ഇന്ത്യ വൻകരയിലെ ഒന്നാം റാങ്കുകാരായ ഇറാനെതിരെ 0-3ന് പൊരുതി വീണു. പക്ഷേ, താഴ്ന്ന റാങ്കുകാരായ അഫ്ഗാനിസ്താനോട് ഗോൾരഹിത സമനില വഴങ്ങേണ്ടിവന്നത് ക്ഷീണമാണ്. തജികിസ്താനും ഇന്ത്യക്കും നാലുവീതം പോയന്റാണുണ്ടായിരുന്നത്. ഗോൾ വ്യത്യാസത്തിൽ പിറകിലായ ഇന്ത്യ നേർക്കുനേർ മത്സരത്തിൽ തജികിസ്താനെ തോൽപിച്ചതിന്റെ ആനുകൂല്യത്തിൽ മുന്നേറുകയായിരുന്നു.
‘‘ഞങ്ങൾക്ക് കൂടുതൽ മത്സരങ്ങൾ കളിക്കുംതോറും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയും. ടീമിനെ കൂടുതൽ തയാറാക്കാനും കെട്ടിപ്പടുക്കാനുമുള്ള മികച്ച അവസരമാണിത്. ഇപ്പോൾ, ഒമാനുമായുള്ള മത്സരത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. അവർ വളരെ മികച്ച ടീമാണ്. അവർക്ക് നല്ലൊരു പരിശീലകനും താരങ്ങളുമുണ്ട്. നല്ല പ്രകടനം നടത്തിയിട്ടുമുണ്ട്’’ -ജമീൽ പറഞ്ഞു.
മൂന്നിൽ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഒമാൻ പ്ലേ ഓഫിലെത്തിയിരിക്കുന്നത്. ഒന്ന് സമനിലയിലാവുകയും ചെയ്തു. കിർഗിസ്താനെയും തുർക്ക്മെനിസ്താനെയും 2-1നാണ് ഇവർ പരാജയപ്പെടുത്തിയത്. ഉസ്ബകിസ്താനോട് 1-1 സമനിലയും. ഉസ്ബക്കിനും ഒമാനും ഏഴുവീതം പോയന്റായപ്പോൾ ഗോൾ വ്യത്യാസം ഫൈനൽ ബെർത്ത് തീരുമാനിച്ചു. ഇന്ത്യൻ സമയം വൈകീട്ട് 5.30നാണ് ഇന്ത്യ-ഒമാൻ മത്സരം. രാത്രി എട്ടിന് നടക്കുന്ന ഫൈനലിൽ ഇറാനും ഉസ്ബകിസ്താനും ഏറ്റുമുട്ടും.