ഹിസോർ (തജികിസ്താൻ): ഫിഫ റാങ്കിങ്ങിൽ 20ാം സ്ഥാനക്കാർ, ഏഷ്യയിൽ ഒന്നാമന്മാർ, ഏഴ് തവണ ലോകകപ്പിൽ പന്ത് തട്ടിയവർ.. കാഫ നാഷൻസ് കപ്പ് ടൂർണമെന്റിൽ തിങ്കളാഴ്ച ഇന്ത്യയെ നേരിടുന്ന ടീമിന്റെ ചെറിയ വിവരണമാണിത്. അടുത്ത വർഷം നടക്കുന്ന ഫുട്ബാൾ ലോകകപ്പിന് ടിക്കറ്റെടുത്ത് നിൽക്കുന്ന ഇറാന് മുന്നിൽ റാങ്കിങ്ങിൽ 133ാം സ്ഥാനക്കാരായ ബ്ലൂ ടൈഗേഴ്സ് തീരെ ചെറിയ എതിരാളികളാണ്. പുതിയ പരിശീലകന് കീഴിൽ ജയത്തോടെ തുടങ്ങിയ ഇന്ത്യ പക്ഷെ പൊരുതാനുറച്ച് തന്നെയാണ് ഇറങ്ങുന്നത്. ഒരു സമനില പോലും പത്തരമാറ്റ് വിജയത്തിന്റെ തിളക്കം നൽകും.
ഫുട്ബാൾ ചരിത്രത്തിൽ ഒരേയൊരു തവണയാണ് ഇറാനെ തോൽപിക്കാൻ ഇന്ത്യക്കായത്. 1951ലെ ഏഷ്യൻ ഗെയിംസിൽ പേർഷ്യക്കാരെ ഒറ്റ ഗോളിന് വീഴ്ത്തി ഇന്ത്യ സ്വർണം നേടിയിരുന്നു. ഏറ്റവുമൊടുവിൽ ഇരു ടീമും മുഖാമുഖം വന്നത് 2018 ലോകകപ്പ് യോഗ്യത റൗണ്ടിൽ. മറുപടിയില്ലാത്ത നാല് ഗോളിനായിരുന്നു ഇറാന്റെ ജയം.
കാഫ നാഷൻസ് കപ്പിലെ ആദ്യ കളിയിൽ ആതിഥേയരായ തജികിസ്താനെ 2-1ന് വീഴ്ത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യ. ആദ്യ 13 മിനിറ്റിനിടെ എതിർ വലയിൽ രണ്ട് തവണ പന്തെത്തിക്കാനായി. ധാരണപ്പിശകിൽ ഒരു ഗോൾ വഴങ്ങിയെങ്കിലും തജികിസ്താന് സമനില പിടിക്കാനുള്ള അവസരം തടഞ്ഞ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്.
ആദ്യ കളിയിൽ അഫ്ഗാനിസ്താനെ 3-1ന് തോൽപിച്ചിരുന്നു ഇറാൻ. മൂന്ന് ഗോളിലും പങ്കുവഹിച്ച ഡിഫൻഡർ മാജിദ് ഹുസൈനിയാണ് ഇവരുടെ പ്രധാന ആയുധങ്ങളിലൊന്ന്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റനുവേണ്ടി കളിച്ച വിങ്ങർ അലിറസ ജഹാൻബക്ഷുമുണ്ട് സംഘത്തിൽ. ഗ്രൂപ്പ് ബിയിൽ ഓരോ ജയം നേടിയ ഇറാനും ഇന്ത്യയുമാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന സംഘത്തിന് ഗ്രൂപ്പിലെ അവസാന മത്സരം അഫ്ഗാനെതിരെയാണ്.
