ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിന് ആവേശകരമായ തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്, ആർബി ലൈപ്സിഗിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തുവിട്ടു. സൂപ്പർ താരം ഹാരി കെയ്ൻ നേടിയ ഹാട്രിക്കാണ് ബയേണിന്റെ ജയം ഇത്രയും അനായാസമാക്കിയത്.
മത്സരത്തിൻ്റെ തുടക്കം മുതൽ ബയേൺ ആധിപത്യം പുലർത്തി. പുതിയ കോച്ച് വിൻസെൻ്റ് കൊമ്പനിക്ക് കീഴിൽ ഇറങ്ങിയ ടീമിനായി മൈക്കിൾ ഒലിസെയും ലൂയിസ് ഡയസും മികച്ച പ്രകടനം കാഴ്ചവെച്ചു. 27-ാം മിനിറ്റിൽ ഒലിസെയാണ് ബയേണിൻ്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. അഞ്ച് മിനിറ്റിനുശേഷം, അരങ്ങേറ്റ മത്സരം കളിച്ച ലൂയിസ് ഡയസ് തകർപ്പൻ ഷോട്ടിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതി അവസാനിക്കും മുൻപ് ഒലിസെ തൻ്റെ രണ്ടാം ഗോളും കണ്ടെത്തി.
രണ്ടാം പകുതി പൂർണ്ണമായും ഹാരി കെയ്ൻ്റേതായിരുന്നു. ലൈപ്സിഗ് പ്രതിരോധത്തെ നിസ്സഹായരാക്കി 13 മിനിറ്റിനിടെ മൂന്നു തവണയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ പന്ത് വലയിലെത്തിച്ചത്. ഇതോടെ കെയ്ൻ തൻ്റെ ഹാട്രിക് പൂർത്തിയാക്കി. ലൈപ്സിഗ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഫ്രീകിക്കിലെ പിഴവ് കാരണം റഫറി അത് അനുവദിച്ചില്ല. സ്വന്തം മൈതാനമായ അലയൻസ് അറീനയിൽ എതിരാളികളെ നിലംപരിശാക്കിയാണ് ബയേൺ കിരീട പോരാട്ടത്തിന് തുടക്കമിട്ടത്.