ബാഴ്സ കുതിപ്പ് തുടരുന്നു, കോപ ഡെൽ റേ ക്വാർട്ടറിൽ, വലകുലുക്കി ടോറസും യമാലും

മഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ കോപ ഡെൽ റേ ക്വാർട്ടറിൽ കടന്നു. നിലവിലെ ചാമ്പ്യന്മാർ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ രണ്ടാം ഡിവിഷനിലെ ഒന്നാം സ്ഥാനക്കാരായ റേസിങ് സാന്റാൻഡറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അവസാന എട്ടിലെത്തിയത്.

ഫെറാൻ ടോറസ് (66ാം മിനിറ്റിൽ), കൗമാര താരം ലാമിൻ യമാൽ (90+5) എന്നിവരാണ് ബാഴ്സക്കായി വലകുലുക്കിയത്. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി കറ്റാലൻസിന്‍റെ തുടർച്ചയായ 11ാം ജയമാണിത്. ആദ്യ പകുതിയിൽ പന്ത് കൈവശം വെക്കുന്നതിൽ ആധിപത്യം പുലർത്തിയെങ്കിലും ബാഴ്സ താരങ്ങൾക്ക് സാന്റാൻഡറിന്‍റെ പ്രതിരോധ പൂട്ട് പൊളിക്കാനായില്ല. ലാ ലിഗ ചാമ്പ്യന്മാർക്ക് ഗോളിനായി 66ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.

പകരക്കാരനായി കളത്തിലെത്തിയ ഫെർമിൻ ലോപ്പസ് നൽകിയ പന്തിൽനിന്നാണ് ടോറസ് ബാഴ്സയെ മുന്നിലെത്തിച്ചത്. ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ യമാൽ ഗോൾ പട്ടിക പൂർത്തിയാക്കി. ബ്രസീൽ താരം റാഫിഞ്ഞ നൽകിയ ക്രോസ് താരം കൃത്യമായി വലയിലെത്തിച്ചു. സ്പെയിനിലെ രണ്ടാം ഡിവിഷനിൽ ഒന്നാം സ്ഥാനത്തുള്ള സാന്റാൻഡറിന് ഇത്തവണ ലാ ലിഗയിലേക്ക് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2012ലാണ് അവസാനമായി ക്ലബ് ലാ ലിഗയിൽ കളിച്ചത്.

കഴിഞ്ഞ തവണ ബദ്ധവൈരികളായ റയൽ മഡ്രിഡിനെ ഫൈനലിൽ തോൽപിച്ചാണ് ബാഴ്സ കോപ ഡെൽ റേ കിരീടത്തിൽ മുത്തമിട്ടത്.

റയൽ ക്വാർട്ടർ കാണാതെ പുറത്തായതോടെ ബാഴ്സയുടെ കിരീടമോഹത്തിന് ഇത്തവണയും കാര്യമായി വെല്ലുവിളിയുണ്ടാകില്ല. പുതിയ പരിശീലകന് കീഴിൽ ആദ്യ മത്സരം കളിക്കാനിറങ്ങിയ റയൽ, രണ്ടാം ഡിവിഷൻ ടീമായ ആൽബസെറ്റിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയാണ് പുറത്തായത്. ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിലാണ് ആൽബസെറ്റ് വിജയ ഗോൾ നേടിയത്. ചരിത്രത്തിൽ ആദ്യമായാണ് ആൽബസെറ്റിന് മുന്നിൽ റയൽ കളി തോൽക്കുന്നത്.

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സയോട് തോറ്റതിനു പിന്നാലെ സാബി അലോൻസോയെ റയൽ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. മറ്റൊരു മത്സരത്തിൽ ബർഗോസ് സി.എഫിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി വലൻസിയയും കോപ ഡെൽ റേ ക്വാർട്ടറിലെത്തി. റൂബൻ ഇറാൻസോ (10ാം മിനിറ്റ്), ഉമൻ സാദിഖ് (50) എന്നിവരാണ് ഗോളുകൾ നേടിയത്.



© Madhyamam