ക്യാമ്പ് നൗവിൽ ഗോൾമഴ; ന്യൂകാസിലിനെ തകർത്തെറിഞ്ഞ് ബാഴ്‌സലോണ ക്വാർട്ടറിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഗോൾമഴയിൽ മുക്കി ബാഴ്‌സലോണ ആധികരികമായി ക്വാർട്ടർ ഫൈനലിലേക്ക്. പ്രീ-ക്വാർട്ടർ രണ്ടാം പാദത്തിൽ രണ്ടിനെതിരെ ഏഴ് ഗോളുകൾക്കാണ് (7-2) ഹാൻസി ഫ്ലിക്കിന്റെ കുട്ടികളുടെ പടയോട്ടം. ഇരുപാദങ്ങളിലുമായി 8-3 എന്ന വമ്പൻ അഗ്രഗേറ്റ് സ്കോറോടെയാണ് ബാഴ്‌സയുടെ മുന്നേറ്റം. ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടുന്ന കാഴ്ചയാണ് കണ്ടത്.

ആറാം മിനിറ്റിൽ റഫീഞ്ഞയിലൂടെ ബാഴ്‌സ ലീഡെടുത്തു. എന്നാൽ 15-ാം മിനിറ്റിൽ ആന്റണി എലങ്കയിലൂടെ ന്യൂകാസിൽ തിരിച്ചടിച്ചു. മൂന്ന് മിനിറ്റിനിപ്പുറം 18-ാം മിനിറ്റിൽ മാർക് ബെർണൽ ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും എലങ്കയിലൂടെ ന്യൂകാസിൽ വീണ്ടും സമനില പിടിച്ചു.ആദ്യ പകുതിയുടെ അധികസമയത്ത് ലാമിൻ യമാൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെ ബാഴ്‌സ 3-2 ന് മുന്നിലെത്തി.

എന്നാൽ രണ്ടാം പകുതിയിൽ ന്യൂകാസിൽ പ്രതിരോധത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ബാഴ്‌സലോണ കാഴ്ചവെച്ചത്. 51-ാം മിനിറ്റിൽ ഫെർമിൻ ലോപ്പസ് ലീഡ് രണ്ടാക്കി ഉയർത്തി. 56′, 61′ മിനിറ്റുകളിൽ റോബർട്ട് ലെവൻഡോസ്‌കി ഇരട്ട ഗോളുകൾ കൂടി നേടി. 72-ാം മിനിറ്റിൽ റഫീഞ്ഞ തന്റെ രണ്ടാം ഗോളും നേടിയതോടെ ബാഴ്‌സയുടെ ഗോൾ പട്ടിക ഏഴിലെത്തി. അതോടെ ന്യൂകാസിലിന്റെ പതനം പൂർത്തിയായി.

ഹാൻസി ഫ്ലിക്കിന് കീഴിൽ ബാഴ്‌സലോണയുടെ സംഹാരരൂപം കണ്ട മത്സരത്തിൽ രണ്ടാം പകുതിയിൽ ന്യൂകാസിലിന് മറുപടിയില്ലായിരുന്നു. തകർപ്പൻ ഫോമിലുള്ള മുന്നേറ്റനിരയുമായാണ് ബാഴ്‌സലോണ ഇനി ക്വാർട്ടറിലേക്ക് നീങ്ങുന്നത്. ക്വാർട്ടറിൽ അത് ലറ്റിക്കോ മാഡ്രിഡാണ് ബാഴ്സയുടെ എതിരാളികൾ.



© Madhyamam