മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ വമ്പൻ ക്ലബായ അത്‍ലറ്റികോ മഡ്രിഡ് പുതിയ ഉടമസ്ഥർക്കു കീഴിലേക്ക്. അമേരിക്കൻ നിക്ഷേപക കമ്പനിയായ അപോളോ സ്പോർട്സ് കാപിറ്റലാണ് അത്‍ലറ്റികോ മഡ്രിഡിൽ നിക്ഷേപം നടത്തുന്നത്.
നിലവിലെ നാല് ഉടമസ്ഥർ തങ്ങളുടെ ഓഹരി വിഹിതം ഗണ്യമായി കുറച്ചാണ് പുതിയ നിക്ഷേപകരെ ക്ലബ് ഉടമസ്ഥതയിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇതോടെ, അത്‍ലറ്റികോ മഡ്രിഡ് ഓഹരിയുടെ വലിയ പങ്കും അപോളോ സ്പോർട്സ് കാപിറ്റലിനു കീഴിലായി മാറും. എത്രതുകയുടെ ഇടപാടാണെന്ന് പുറത്തു വിട്ടിട്ടില്ല.
നിക്ഷേപം ഉറപ്പിച്ചുകൊണ്ട് കമ്പനി പ്രതിനിധികളും ഡയറക്ടർമാരും ധാരണയിലെത്തിയതായി ക്ലബ് മാനേജ്മെന്റ് അറിയിച്ചു.
ക്ലബ് പ്രസിഡന്റായി മിഗ്വേൽ എയ്ഞ്ചൽ ഗിലും, സി.ഇ.ഒ ആയി എന്റിക് സെറെസോയും തുടരും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം കാലമായി ഇവർ തന്നെയാണ് അത്‍ലറ്റികോ മഡ്രിഡിനെ നയിക്കുന്നത്.
പുതിയ നിക്ഷേപകരുടെ വരവോടെ വമ്പൻ പദ്ധതികൾക്കാണ് അത്‍ലറ്റികോ മഡ്രിഡ് ഒരുങ്ങുന്നത്. അടിസ്ഥാന സൗകര്യ വികസനം, ക്ലബിന്റെ ഹോം ഗ്രൗണ്ടിനോട് ചേർന്ന് സ്പോർട്സ് സിറ്റി, ടീം വികസനം ഉൾപ്പെടെ വിവിധ പദ്ധതികളിലേക്ക് അത്‍ലറ്റികോ മഡ്രിഡ് കടക്കുന്നത്.
സ്പാനിഷ് ലാ ലിഗയിലെ മുൻ ചാമ്പ്യന്മാരായ അത്‍ലറ്റികോ മഡ്രിഡ് നിലവിലെ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഡീഗോ സിമിയോണിക്ക് കീഴിൽ ലോകോത്തര താരങ്ങൾ അണിനിരക്കുന്ന ക്ലബ് പുതിയ നിക്ഷേപകരുടെ പിന്തുണയിൽ കളിക്കളത്തിലും വലിയ മാറ്റങ്ങൾക്കായിരിക്കും തുടക്കം കുറിക്കുന്നത്.
