റബാത് (മൊറോക്കോ): ആഫ്രിക്കൻ കപ്പ് ഓഫ് നാഷൻസ് ഫുട്ബാളിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട് മുഹമ്മദ് സലാഹും സംഘവും. ലൂസേഴ്സ് ഫൈനലിൽ നൈജീരിയയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഈജിപ്ത് മുട്ടുമടക്കിയത്. നിശ്ചിത, അധിക സമയങ്ങളിൽ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെ കളി ടൈബ്രേക്കറിൽ. നൈജീരിയൻ ഗോൾ കീപ്പർ സ്റ്റാൻലി ന്വബാലി കൊടുങ്കാറ്റാവുന്നതാണ് പിന്നെ കണ്ടത്.
സലാഹിന്റെയും മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ ഉമർ മർമൂഷിന്റെയും കിക്കുകൾ തുടരെ തടുത്തിട്ടു ന്വബാലി. ഇതോടെ ഷൂട്ടൗട്ടിൽ 4-2ന് ജയിച്ചു സൂപ്പർ ഈഗിൾസ്.
