
രേഷ്മ ജയേഷ് തനിക്ക് ലഭിച്ച
ട്രോഫികൾക്ക് സമീപം
തൃശൂർ: എതിരാളികളെ മറികടന്ന് പന്തുമായി കുതിക്കുമ്പോഴൊക്കെയും രേഷ്മ ജയേഷിന്റെ മനസ്സിൽ ഒരു ചിന്തയേയുള്ളൂ -കേരള വനിത ഫുട്ബാളിന് പുതിയ മുഖം നൽകുക. കേരള വനിത ലീഗിൽ ടോപ് സ്കോററായി തിളങ്ങിയ രേഷ്മയുടേത് സ്വപ്നങ്ങളെ പിന്തുടരാൻ ധൈര്യപ്പെട്ട പെൺകുട്ടിയുടെ കഥയാണ്.
മാള കാർമൽ കോളജിൽ ഒന്നാം വർഷ ബി.കോമിന് പഠിക്കുന്ന രേഷ്മ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴേ ഫുട്ബോളിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു. വീടിനടുത്തുള്ള പറമ്പിൽ ചേട്ടന്മാരുമായി കളിച്ചാണ് ഫുട്ബാൾ തട്ടിത്തുടങ്ങിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂൾ ടീമിൽ അംഗമായത്. സേക്രഡ് ഹാർട്ട്സ് സ്കൂളിൽനിന്ന് തുടങ്ങി ഇന്ന് കേരള യുനൈറ്റഡ് എഫ്.സിയിൽ എത്തിനിൽക്കുന്നു ഈ താരം.
ഫുട്ബാൾ എന്ന സ്വപ്നം പിന്തുടരുന്നതിൽ ആദ്യകാലങ്ങളിൽ രേഷ്മക്ക് വീട്ടിൽനിന്നുള്ള പിന്തുണ കുറവായിരുന്നു. എന്നാൽ, അച്ഛൻ ജയേഷ് ആദ്യം മുതൽ പ്രോത്സാഹിപ്പിച്ചിരുന്നെന്ന് രേഷ്മ പറയുന്നു. പരിശീലനത്തിന് പോകാൻ അച്ഛന്റെ പ്രോത്സാഹനം ഒരുപാട് സഹായിച്ചു. ഇപ്പോൾ കുടുംബത്തിന്റെ മുഴുവൻ പിന്തുണ ലഭിക്കുന്നുവെന്നും രേഷ്മ കൂട്ടിച്ചേർത്തു. ലതികയാണ് അമ്മ. ഗ്രീഷ്മ സഹോദരിയും.
2022-2023ൽ ദേശീയ വനിത ഫുട്ബാളിൽ കേരള ടീമിലും 2023ൽ ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസിലും രേഷ്മ കേരളത്തിന് വേണ്ടി കളിച്ചു. 2023ൽ ഇന്ത്യൻ വിമൻസ് ലീഗിൽ ലോർഡ്സ് എഫ്.എ ക്ലബിന് വേണ്ടിയും ബൂട്ട് കെട്ടി. കേരള വനിത ലീഗിൽ 10 മത്സരങ്ങളിൽനിന്നായി ഒമ്പത് ഗോളുകൾ നേടിയാണ് ടോപ് സ്കോററായത്. ടോപ് സ്കോറർ ആകാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ടെന്നും ടീമിലെ എല്ലാവരുടെയും പിന്തുണയാണ് ഇതിന് പിന്നിലെന്നും രേഷ്മ പറഞ്ഞു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കേരള യുനൈറ്റഡ് റണ്ണേഴ്സ് അപ്പായി. ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ ഗോകുലം കേരള എഫ്.സിയോട് പരാജയപ്പെട്ടെങ്കിലും ടീമിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.
പത്ത് മത്സരങ്ങളിൽ നാല് തവണ ‘മാൻ ഓഫ് ദി മാച്ച്’ ആയി രേഷ്മ തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച പ്രകടനത്തെ തുടർന്ന് ഗോകുലം കേരള ടീമിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഡിസംബറിൽ നടക്കുന്ന സീനിയർ വിമൻസ് ടൂർണമെന്റിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യമെന്ന് രേഷ്മ പറയുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് രേഷ്മയുടെ ഇഷ്ട ഫുട്ബാളർ. ഇന്ത്യൻ ടീമിൽ കളിക്കണമെന്നാണ് തന്റെ സ്വപ്നമെന്നും രേഷ്മ പറയുന്നു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/fdM2I1O