ഭുവനേശ്വർ: അട്ടിമറികളുടെ ചിറകേറി കന്നി സൂപ്പർ കപ്പ് കലാശപ്പോരിനെത്തിയ ജംഷഡ്പൂർ എഫ്.സിയെ എതിരില്ലാത്ത കാൽ ഡസൻ ഗോളിന് മുക്കി എഫ്.സി ഗോവക്ക് കിരീട മുത്തം. കലിംഗ മൈതാനത്ത് ആദ്യാവസാനം സമ്പൂർണ ആധിപത്യം പുലർത്തി ഇരുപകുതികളിലായി കുറിച്ച ഗോളുകളിലാണ് ഗോവ രണ്ടാം കിരീടവും എ.എഫ്.സി ചാമ്പ്യൻസ് ലീഗ് രണ്ട് േപ്ലഓഫും ഉറപ്പാക്കിയത്. ഗോവക്കായി ഡബ്ളടിച്ച ബോർജ ഹെരേര കളിയിലെ താരമായി.
ഒന്നാം മിനിറ്റിൽ ജംഷഡ്പൂരിനായി ടച്ചിക്കാവയുടെ ഗോൾനീക്കവുമായാണ് മൈതാനം ഉണർന്നത്. സ്റ്റാർട്ടിങ് ഇലവനിൽ റിത്വിക് ദാസിന് പകരം നിഖിൽ ബറാലയെ ഉൾപ്പെടുത്തി ആൽബിനോ ഗോമസ്, അശുതോഷ് മേത്ത, സ്റ്റീഫൻ എസെ, ലാസർ സിർകോവിച്ച്, മലയാളി താരം മുഹമ്മദ് ഉവൈസ്, പ്രണോയ് ഹാൽഡർ, റീ ടച്ചിക്കാവ, യാവി ഹെർണാണ്ടസ്, ജോർഡൻ മറേ, യാവി സിവേരിയോ എന്നിവർ ജംഷഡ്പൂരിനു വേണ്ടിയും ഹൃത്വിക്, ബോറിസ്, ഓഡീ, സന്ദേശ്, ആകാശ്, ടവോറ, കാൾ, ഉദാന്ത, ബോർജ, ഡിജാൻ, ഇകെർ എന്നിവർ ഗോവക്കായും ഇറങ്ങി. എതിരാളികൾ കൂടുതൽ കരുത്തരാണെന്ന തിരിച്ചറിവിൽ നിരന്തരം ആക്രമിച്ച ഉരുക്കു നഗരക്കാർക്ക് പക്ഷേ, 23ാം മിനിറ്റിൽ ആദ്യ അടിയേറ്റു. ഗോവ താരം സംഗ്‍വാന്റെ ഷോട്ട് ജംഷഡ്പൂർ ഗോളി ആൽബിനോ തടുത്തിട്ടെങ്കിലും റീബൗണ്ട് ബോർജ വലക്കകത്താക്കി. ഗോൾ മടക്കാൻ പ്രത്യാക്രമണം കനപ്പിച്ച് ജംഷഡ്പൂർ മുന്നിൽ നിന്നെങ്കിലും പ്രതിരോധം കോട്ട കെട്ടി ഗോവ പ്രതിരോധിച്ചു. ഇടവേള കഴിഞ്ഞ് ഏറെ വൈകാതെ ഗോവ വീണ്ടും വലകുലുക്കി.
മധ്യവരക്കു സമീപത്തുനിന്ന് പന്ത് സ്വീകരിച്ച ബോർജ അതിവേഗം ഓടി മനോഹരമായി പായിച്ച വോളി ഗോളിയെ നിസ്സഹായനാക്കി വലക്കകത്ത് വിശ്രമിച്ചു. സ്കോർ 2-0. രണ്ട് മിനിറ്റ് കഴിഞ്ഞ് മലയാളി താരം സനാൻ സിവേരിയോയെ കൂട്ടി നടത്തിയ മുന്നേറ്റം വല തൊട്ടെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. അതിനിടെ ജംഷഡ്പൂരിന്റെ എല്ലാ പ്രതീക്ഷകളും തകർത്തെറിഞ്ഞ് 72ാം മിനിറ്റിൽ ലീഡ് കാൽ ഡസനായി. ഡ്രാസിച്ചായിരുന്നു സ്കോറർ. ഒരുവട്ടമെങ്കിലും മടക്കി മാനം കാക്കാൻ കിണഞ്ഞോടിയ ജംഷഡ്പൂരിന് പക്ഷേ, അവസാന വിസിൽ വരെ ഒന്നും ചെയ്യാനായില്ല.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ