ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഉജ്ജ്വല പ്രകടനവുമായി റണ്ണറപ്പായ ബംഗളൂരു എഫ്.സിക്ക് സൂപ്പർ കപ്പിൽ തിരിച്ചടി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന നോക്കൗട്ട് മത്സരത്തിൽ ഐ ലീഗ് രണ്ടാം സ്ഥാനക്കാരായ ഇന്റർ കാശിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായി. നിശ്ചിത സമയം സ്കോർ 1-1 ആയിരുന്നു. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ 5-3ന് ജയിച്ച ഇന്റർ കാശി ക്വാർട്ടർ ഫൈനലിലും കടന്നു.
ഗോൾ രഹിതമായ ഒരു മണിക്കൂറിനു ശേഷം ബംഗളൂരു ലീഡ് പിടിച്ചു. 62ാം മിനിറ്റിൽ നൊഗുവേര ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് കൈകാര്യം ചെയ്യുന്നതിൽ ഇന്റർ കാശി പ്രതിരോധത്തിന് പിഴച്ചു. തക്ക സമയത്ത് പന്ത് നിയന്ത്രണത്തിലാക്കിയ റയാൻ വില്യംസിന്റെ ടൈറ്റ് ആംഗിൾ ഷോട്ട് പോസ്റ്റിൽ. ബംഗളൂരു ഏറക്കുറെ ജയമുറപ്പിച്ചിരിക്കെ 88ാം മിനിറ്റിൽ മറ്റിജ ബബോവിചിലൂടെ ഇന്റർ കാശിയുടെ സമനില ഗോൾ. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇവരുടെ ഗോൾ കീപ്പർ ശുഭം ദാസ് ഹീറോയായി. ഇന്ത്യയുടെ അന്താരാഷ്ട്ര ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ബംഗളൂരുവിന്റെ വല കാത്തത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ