ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ
ഭുവനേശ്വർ: സൂപ്പർ കപ്പിൽ നിലവിലെ ജേതാക്കളായ ഈസ്റ്റ് ബംഗാളിനെ തകർത്ത് ക്വാർട്ടർ ഫൈനലിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇന്ന് ഐ.എസ്.എല്ലിലെ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ഐ.എസ്.എൽ ഷീൽഡും കിരീടവും സ്വന്തമാക്കിയ ബഗാനെ കീഴടക്കിയാൽ ബ്ലാസ്റ്റേഴ്സിന്റെ ഉയിർത്തെഴുന്നേൽപിന് കലിംഗ സ്റ്റേഡിയം സാക്ഷിയാകും. പ്രമുഖ താരങ്ങളെല്ലാം ബ്ലാസ്റ്റേഴ്സിൽ അണിനിരക്കുന്നുണ്ട്. ബഗാനിൽ ഒരു വിദേശതാരം മാത്രമാണുള്ളത്. മലയാളി കൂട്ടുകെട്ടായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും കൊൽക്കത്ത ടീമിലുണ്ടാകും. സഹലാകും ടീമിനെ നയിക്കുക.
ഡേവിഡ് കറ്റാല എന്ന പുതിയ സ്പാനിഷ് കോച്ചിന് കീഴിൽ ഈസ്റ്റ്ബംഗാളിനെതിരെ പുതിയൊരു ബ്ലാസ്റ്റേഴ്സിനെയാണ് കണ്ടിരുന്നത്. ജീസസ് ജിമിനസും നോഹ സദോയിയുമാണ് ഈസ്റ്റ് ബംഗാളിനെതിരെ ഗോളടിച്ചിരുന്നത്. കളിയുടെ എല്ലാ മേഖലയിലും ടീം മുന്നിട്ട് നിന്നിരുന്നു. ഐ.എസ്.എല്ലിലെ കരുത്തുറ്റ ടീമിൽനിന്ന് മാറ്റവുമായെത്തുന്ന ബഗാനെതിരെ ജയിക്കാനുള്ള സുവർണാവസരമാണ് ഇന്ന് കലിഗ സ്റ്റേഡിയത്തിൽ. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പൂർണമായും ഫിറ്റല്ലാത്തതിനാൽ മുഴുവൻ സമയവും ഇന്ന് കളിക്കാനിടയില്ല. ബാറിന് കീഴിൽ സചിൻ സുരേഷുണ്ടാകും. എം.എസ്. ശ്രീകുട്ടൻ, വിബിൻ മോഹനൻ എന്നീ മലയാളികളും ടീമിലുണ്ടാകും. നോഹക്കും ജീസസിനുമൊപ്പം ക്വാമി പെപ്രയും കൂടി ചേരുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ മുൻനിരക്ക് കരുത്ത് കൂടും. താരതമ്യേന പരിചയക്കുറവുള്ള ബഗാൻ പ്രതിരോധത്തെ മറികടക്കാൻ ഇതോടെ കൊമ്പന്മാർക്ക് കഴിയും.
ബഗാൻ നിരയിൽ ധീരജ് സിങ്ങാണ് ഗോൾകീപ്പർ. പോർച്ചുഗീസുകാരൻ ഡിഫൻഡർ നൂനോ റെയ്സാണ് ഏക വിദേശതാരം. റിലയൻസ് ഫൗണ്ടേഷൻ കിരീടം നേടിയ യൂത്ത് ടീമിലെ എട്ട് പേർ ബഗാനൊപ്പമുണ്ട്. ചർച്ചിൽ ബ്രദേഴ്സ് പിന്മാറിയതിനെതുടർന്ന് വാക്കോവർ ലഭിച്ചാണ് ബഗാൻ ക്വാർട്ടറിലെത്തിയത്. ഐ.എസ്.എല്ലിൽ ഈ സീസണിൽ രണ്ട് തവണ ബഗാനോട് ഏറ്റുമുട്ടിയപ്പോഴും ബ്ലാസ്റ്റേഴ്സിന് തോൽവിയായിരുന്നു. ആകെ പത്ത് തവണയാണ് ഇരു ടീമുകളും കളിച്ചത്.
എട്ടിലും കൊൽക്കത്തക്കാർക്കായിരുന്നു ജയം. ഒന്നിൽ ബ്ലാസ്റ്റേഴ്സിനും. ബഗാനെ തോൽപിച്ചാൽ ആരാധകരുടെ രോഷം അൽപമെങ്കിലും തണുക്കുമെന്ന പ്രതീക്ഷയിലുമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. വൈകീട്ട് 4.30നാണ് ബ്ലാസ്റ്റേഴ്സ്- ബഗാൻ മത്സരം. 8.30ന് മറ്റൊരു ക്വാർട്ടറിൽ എഫ്.സി ഗോവ ഐ ലീഗ് ടീമായ പഞ്ചാബ് എഫ്.സിയെ നേരിടും. ഒഡിഷ എഫ്.സിയെ തകർത്താണ് പഞ്ചാബ് അവസാന എട്ടിലെത്തിയത്. ഗോകുലം കേരള എഫ്.സിയെ തോൽപിച്ചാണ് ഗോവ ക്വാർട്ടറിൽ ഇടംനേടിയത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ