ലണ്ടൻ: അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിലേക്ക് ഒന്നാമന്മാരായ ലിവർപൂളിനൊപ്പം ആരൊക്കെയെന്നുറപ്പിക്കാൻ പോരു കനത്ത പ്രിമിയർ ലീഗിൽ മിന്നും പോരാട്ടങ്ങൾ. തരംതാഴ്ത്തൽ ഉറപ്പിച്ച, പോയിന്റ് പട്ടികയിലെ അവസാനക്കാരായ സതാംപ്ടന്റെ കളിമുറ്റത്ത് മാഞ്ചസ്റ്റർ സിറ്റി ഗോൾരഹിത സമനിലയിൽ കുരുങ്ങി.
വല കുലുക്കാൻ പെനാൽറ്റി ബോക്സിൽ മിന്നും നീക്കങ്ങളുമായി സിറ്റി താരങ്ങൾ വട്ടമിട്ടു പറന്നിട്ടും പ്രതിരോധ കോട്ട കെട്ടി സതാംപ്ടൺ ജയം തടയുകയായിരുന്നു.
ടീമിൽ തിരിച്ചെത്തിയ ഹാലൻഡ് അടക്കം നടത്തിയ ശ്രമങ്ങൾ സതാംപ്ടൺ ഗോളി റാംസ്ഡെയിലിന്റെ വിശ്വസ്ത കരങ്ങളിൽ തട്ടി മടങ്ങി. അവസാന മിനിറ്റുകളിൽ സുവർണ മുഹൂർത്തങ്ങളുമായി എതിർ ഗോൾപോസ്റ്റിനരികെ ആവേശം തീർത്ത സിറ്റിക്കായി ഒരുവട്ടം ഉമർ മർമൂഷ് ക്രോസ്ബാറിലടിക്കുന്നതും കണ്ടു. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാമാണ് സിറ്റി.
മറ്റൊരു മത്സരത്തിൽ പോയിന്റ് പട്ടികയിൽ മൂന്നാമതുള്ള ഫുൾഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് 13ാമന്മാരായ എവർടൺ വീഴ്ത്തി. ജിമെനസ് നേടിയ ഗോളിൽ മുന്നിൽനിന്ന ശേഷമായിരുന്നു ഇരു പകുതികളിലായി മൂന്നെണ്ണം വഴങ്ങി ഫുൾഹാം തോൽവി ചോദിച്ചുവാങ്ങിയത്. മൈകോലെങ്കോ, കീൻ, ബെറ്റോ എന്നിവരാണ് സ്കോറർമാർ.
സതാംപ്ടണിനും ലെസ്റ്ററിനും പിറകെ തരംതാഴ്ത്തൽ ഉറപ്പിച്ച ഇപ്സ്വിച്ച് ബ്രെന്റ്ഫോർഡിനോട് എതിരില്ലാത്ത ഒറ്റ ഗോളിന് തോറ്റു. വുൾവ്സിനെ ബ്രൈറ്റൺ ഏകപക്ഷീയമായ രണ്ട് ഗോളിന് വീഴ്ത്തി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വെൽബാക്കും 85ാം മിനിറ്റിൽ ഗ്രുഡയുമാണ് വിജയമുറപ്പിച്ചത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ