മലപ്പുറം: ‘ഏപ്രിൽ 25’ -കളിമൈതാനങ്ങളില്‍ കാലം മായ്ക്കാത്ത കാല്‍പ്പാടുകള്‍ പതിപ്പിച്ച ഐ.എം. വിജയന് ഇതൊരു ജന്മദിനം മാത്രമല്ല. കാല്പന്തില് വിജയചരിത്രമെഴുതിയ ജീവിതരേഖയിൽ കേരള പൊലീസുമായുള്ള ആത്മബന്ധത്തിന്റെ തുടക്കവും അതേ ദിവസത്തിലായിരുന്നു.
കാലങ്ങൾക്കിപ്പുറം വിജയൻ കാക്കിക്കുപ്പായമഴിക്കുന്നതും അതേ ദിനത്തിലായി. യാദൃച്ഛികമെങ്കിലും ഈ ദിനത്തിൽ പൊലീസ് സേന നൽകിയ ഔദ്യോഗിക യാത്രയയപ്പ്, 56ാം പിറന്നാൾ ആഘോഷിക്കുന്ന ഐ.എം. വിജയന് സമ്മാനിച്ചത് അവിസ്മരണീയ നിമിഷങ്ങൾ. എം.എസ്.പി അസി. കമാൻഡൻറായാണ് ഇന്ത്യൻ ഫുട്ബാൾ ടീം മുൻ നായകൻ സർവിസിൽനിന്ന് മടങ്ങുന്നത്. വെള്ളിയാഴ്ച രാവിലെ മലപ്പുറം എം.എസ്.പി ക്യാമ്പിൽ നടന്ന ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽനിന്ന് സല്യൂട്ട് സ്വീകരിച്ചതോടെ കേരള പൊലീസ് ഫുട്ബാൾ ടീമിലെ സുവർണനിരയിലെ അവസാന കണ്ണിയാണ് വിരമിച്ചത്. ഏപ്രിൽ 30നാണ് ഐ.എം. വിജയന്റെ സർവിസ് കാലാവധി പൂർത്തിയാവുക.
ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായ രജിത്കുമാർ, മാർട്ടിൻ ഡിക്രൂസ് എന്നിവരുടെ നേതൃത്വത്തിൽ നാല് പ്ലാറ്റൂണുകൾ പരേഡിന്റെ ഭാഗമായി. യാത്രയയപ്പ് ചടങ്ങ് എം.എസ്.പി കമാൻഡന്റ് എ.എസ്. രാജു ഉദ്ഘാടനം ചെയ്തു. അസി. കമാൻഡന്റ് പി. ഹബീബുറഹ്മാൻ അധ്യക്ഷത വഹിച്ചു.
നടൻ അബൂസലീം മുഖ്യാതിഥിയായിരുന്നു. ഇനിയാകും ഐ.എം. വിജയന്റെ തുടക്കമെന്നും സിനിമയിൽ സജീവമാകാൻ ഈ വിരമിക്കൽ അദ്ദേഹത്തിന് സഹായകമാകുമെന്നും അബൂസലീം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരായ കുഞ്ഞുമോൻ, കെ.പി. ഗണേശൻ, പി. ബാബു, കെ.എം. റിജേഷ് എന്നിവർ സംസാരിച്ചു. അസി. കമാൻഡൻറ് കെ. രാജേഷ് സ്വാഗതവും അനീശൻ നന്ദിയും പറഞ്ഞു.
ഓർമകളുടെ മൈതാനത്ത് ഒട്ടേറെ മുഹൂർത്തങ്ങൾ
മലപ്പുറം: ജീവിതം മാറ്റിമറിച്ച കേരള പൊലീസ് കുപ്പായം ഐ.എം. വിജയൻ അഴിച്ചുവെക്കുമ്പോൾ ഓർമകളുടെ മൈതാനത്ത് നിറയുന്നത് ഒട്ടേറെ മുഹൂർത്തങ്ങൾ. 19 വർഷത്തെ സർവിസിന് വിരാമമിട്ടാണ് പൊലീസ് ഡിപ്പാർട്മെന്റിൽനിന്നുള്ള പടിയിറക്കം. 1986ൽ കേരള പൊലീസിൽ അതിഥിതാരമായ വിജയൻ, 1987ൽ ഏപ്രിൽ 25ന് 18 വയസ്സ് പൂർത്തിയായപ്പോൾ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചു.
1991ൽ പൊലീസ് വിട്ട് കൊൽക്കത്ത മോഹൻബഗാൻ ക്ലബിന്റെ കളിക്കാരനായി. 1992ൽ പൊലീസിൽ തിരിച്ചെത്തിയെങ്കിലും 1993ൽ വീണ്ടും പൊലീസ് വിട്ട വിജയൻ വീണ്ടും പ്രഫഷനൽ ക്ലബുകൾക്കായി ബൂട്ടുകെട്ടി. 1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ഫുട്ബാളിന്റെ നെടുംതൂണായി. അഞ്ചു വർഷം ഇന്ത്യൻ നായകക്കുപ്പായമണിഞ്ഞു. 88 കളികളിൽനിന്ന് 39 ഗോളുകൾ നേടി. 2006ലാണ് പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിടവാങ്ങിയത്. എ.എസ്.ഐ ആയി തിരികെ പൊലീസിൽ പ്രവേശിപ്പിച്ച വിജയൻ 2021ൽ എം.എസ്.പി അസിസ്റ്റന്റ് കമാൻഡന്റായി. 2002ൽ അർജുനയും 2025ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ