വിരമിച്ച മാർത്ത വീണ്ടും ബ്രസീൽ വനിത ടീമിൽ
സാവോപോളോ: പാരിസ് ഒളിമ്പിക്സിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച സ്ട്രൈക്കർ മാർത്തയെ തിരിച്ചുവിളിച്ച് ബ്രസീൽ ടീം. കോപ അമേരിക്കക്ക് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള സംഘത്തിൽ 39കാരിയെ പരിശീലകൻ ആർതർ ഏലിയസ് ഉൾപ്പെടുത്തി.
ഒളിമ്പിക്സിലെ മൂന്നാം വെള്ളി മെഡൽ നേട്ടത്തോടെയാണ് ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോററായ മാർത്ത കളമൊഴിഞ്ഞത്. എന്നാൽ, നാഷനൽ വിമൻ സോക്കർ ലീഗിൽ ഒർലാൻഡോ പ്രൈഡിന് വേണ്ടി കളിക്കുന്ന താരം രണ്ടു വർഷത്തേക്കുകൂടി കരാർ നീട്ടിയിരുന്നു. മേയ് 30നും ജൂൺ രണ്ടിനും ജപ്പാനെതിരെയാണ് സൗഹൃദ മത്സരങ്ങൾ. തുടർന്ന് ജൂലൈ 12ന് എക്വഡോറിൽ തുടങ്ങുന്ന കോപ അമേരിക്ക ടൂർണമെന്റിനുള്ള ടീം പ്രഖ്യാപിക്കും. ബ്രസീലാണ് നിലവിലെ ചാമ്പ്യന്മാർ.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ