മഡ്രിഡ്: സ്പാനിഷ് ലാ ലിഗ മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കവെ കിരീടപ്പോരാട്ടത്തിൽ പിരിമുറുക്കം. ഒന്നാംസ്ഥാനക്കാരായ ബാഴ്സലോണയുമായുള്ള പോയന്റ് വ്യത്യാസം നാലാക്കി നിലനിർത്തുകയാണ് നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡ്.
ബാഴ്സ 1-0ത്തിന് മയ്യോർകയെ തോൽപിച്ചതിന്റെ പിറ്റേന്ന് ഇതേ സ്കോറിന് ഗെറ്റാഫിയെ പരാജയപ്പെടുത്തി റയൽ. 33 മത്സരങ്ങളിൽ ഇരു ടീമിനും യഥാക്രമം 76ഉം 72ഉം പോയന്റാണുള്ളത്. 21ാം മിനിറ്റിൽ ആർദ ഗ്യൂലർ നേടിയ ഗോളാണ് ഗെറ്റാഫകിക്കെതിരെ റയലിന് ജയമൊരുക്കിയത്. ശനിയാഴ്ച കോപ ഡെൽറേ ഫൈനലിൽ ബാഴ്സയും റയലും ഏറ്റുമുട്ടുന്നുണ്ട്.
ലാ ലിഗയിൽ അഞ്ച് വീതം മത്സരങ്ങളാണ് ബാക്കി. അടുത്ത കളിയിൽ ബാഴ്സ തോൽക്കുകയും റയൽ ജയിക്കുകയും ചെയ്താൽ വ്യത്യാസം ഒരു പോയന്റായി ചുരുങ്ങും.
ഇന്ററിനെ വീഴ്ത്തി മിലാൻ ഫൈനലിൽ
മിലാൻ: ഇന്റർ മിലാനെതിരായ ഇറ്റാലിയൻ കപ്പ് സെമിഫൈനലിന്റെ രണ്ടാം പാദത്തിലെ ഉജ്ജ്വല ജയവുമായി എ.സി മിലാൻ ഫൈനലിൽ പ്രവേശിച്ചു. സാൻ സിറോ സ്റ്റേഡിയത്തിൽ നടന്ന ഡെർബിയിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മിലാന്റെ വിജയാഘോഷം. ഇതേ മൈതാനത്ത് നടന്ന ആദ്യ പാദം 1-1 സമനിലയിൽ കലാശിച്ചിരുന്നു. 4-1 സ്കോറിനാണ് മിലാന്റെ ഫൈനൽ പ്രവേശനം.
കളിയുടെ 36ാം മിനിറ്റിൽ ലൂക ജോകോവിച് ഇന്ററിന്റെ വലയിൽ പന്തെത്തിച്ചു. രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ ജോകോവിച് (49) ലീഡ് ഇരട്ടിയാക്കി. 85ാം മിനിറ്റിൽ ടിജ്ജാനി റെയ്ൻഡേഴ്സും ഗോൾ സ്കോർചെയ്തതോടെ മിലാൻ ആധികാരിക ജയമുറപ്പിച്ചു. സീരീ എയും ചാമ്പ്യൻസ് ലീഗ് കിരീടവും ലക്ഷ്യമിടുന്ന ഇന്ററിന്റെ ട്രെബിൾ സ്വപ്നത്തിന് തിരിച്ചടിയായി തോൽവി. മേയ് 14ന് റോമിൽ നടക്കുന്ന ഫൈനലിൽ ബോലോഗ്നയോ എംപോളിയോ ആവും മിലാന്റെ എതിരാളികൾ.
വെള്ളിയാഴ്ച ഇന്ത്യൻ സമയം വെളുപ്പിനാണ് ബോലോഗ്ന-എംപോളി രണ്ടാംപാദ സെമി. ആദ്യ പാദത്തിൽ 3-0ത്തിന് ജയിച്ചിരുന്നു ബൊലോഗ്ന. ഇറ്റാലിയൻ കപ്പ് ജേതാക്കൾക്ക് ചാമ്പ്യൻസ് ലീഗ് ബെർത്ത് ലഭിക്കും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ