മഡ്രിഡ്: ബാഴ്സലോണ മുൻനിരയിലെ കരുത്തുറ്റ സാന്നിധ്യമായ കൗമാരതാരം ലമീൻ യമാലിന് ‘ബ്രേക് ത്രൂ ഓഫ് ദ ഇയർ’ പുരസ്കാരം. ലാ ലിഗയിൽ ആറു ഗോളും 12 അസിസ്റ്റും കുറിച്ച താരം ചാമ്പ്യൻസ് ലീഗിൽ ടീമിനായി മൂന്നു ഗോളും നേടിയിട്ടുണ്ട്. സ്പാനിഷ് ദേശീയ ടീമിനായും മികച്ച കളിയാണ് പതിനേഴുകാരൻ പുറത്തെടുത്തത്.
യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ദേശീയ ജഴ്സിയിൽ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കഴിഞ്ഞ വർഷം റെക്കോഡിട്ട താരം തന്റെ 17ാം ജന്മദിനപ്പിറ്റേന്ന് സ്പാനിഷ് നിരക്കൊപ്പം കിരീടനേട്ടവും ആഘോഷിച്ചു. സ്പാനിഷ് സൂപർകോപ ഫൈനലിൽ റയൽ മഡ്രിഡിനെതിരെ ഗോൾ നേടിയും ശ്രദ്ധേയനായി. ടീം കോപ ഡെൽ റേ ഫൈനലുറപ്പിച്ചതിനു പുറമെ, ചാമ്പ്യൻസ് ലീഗ് സെമിയിലും ഇടം നേടിയിട്ടുണ്ട്. പോയ വർഷത്തെ ടീമായി ചാമ്പ്യൻസ് ട്രോഫി, ലാ ലിഗ ജേതാക്കളായ റയൽ മഡ്രിഡ് തെരഞ്ഞെടുക്കപ്പെട്ടു. ഈ സീസണിൽ ഇതിനകം റയൽ യുവേഫ സൂപ്പർ കപ്പും പ്രഥമ ഫിഫ ഇന്റർകോണ്ടിനന്റൽ കപ്പും നേടിയിട്ടുണ്ട്.
സ്വീഡിഷ് പോൾ വോൾട്ട് താരം മോൻഡോ ഡുപ്ലാന്റിസ് ലോക സ്പോർട്സ് താരമായപ്പോൾ അമേരിക്കൻ ജിംനാസ്റ്റ് സിമോൺ ബൈൽസ് വനിത താരമായി. ഭിന്ന ശേഷി താരം ജിയാങ് യുയാൻ, റെബേക്ക ആൻഡ്രേഡ്, റാഫേൽ നദാൽ, സർഫിങ് താരം കെല്ലി സ്ളേറ്റർ, ടോം പിഡ്കോക്ക് എന്നിവരും പുരസ്കാരം നേടിയവരിലുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ