ന്യൂജഴ്സി: കരുത്തരായ റയൽ മഡ്രിഡിനെ തീർത്തും നിഷ്പ്രഭരാക്കി വമ്പൻ ജയത്തോടെ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി ക്ലബ് ലോകകപ്പ് ഫൈനലിൽ. ഈസ്റ്റ് റഥർഫോഡ് മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ 4-0നാണ് പി.എസ്.ജി റയലിനെ തകർത്തത്. ഫാബിയൻ റൂയിസ് രണ്ടു ഗോളുകളും (6, 24 മിനിറ്റ്) ഒസ്മാൻ ഡെംബെലെ (9), ഗൊൺസാലോ റാമോസ് (87) എന്നിവർ ഓരോ ഗോളും നേടി. 14ന് നടക്കുന്ന ഫൈനലിൽ ചെൽസിയാണ് പി.എസ്.ജിയുടെ എതിരാളികൾ.
മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ഗോൾ നേടി പി.എസ്.ജി റയലിനെ ഞെട്ടിച്ചു. ആറാംമിനിറ്റിലെ ഗോളിന്‍റെ ഞെട്ടൽ മാറുംമുമ്പേ ഒമ്പതാം മിനിറ്റിൽ ഡെംബെലെയുടെ വക രണ്ടാമത്തെ ഗോളും പിറന്നു. ഇതോടെ പ്രതിരോധത്തിലായ റയലിന് മത്സരത്തിന്‍റെ ഒരുഘട്ടത്തിലും വെല്ലുവിളിയുയർത്താനായില്ല.
24ാം മിനിറ്റിൽ റൂയിസ് തന്‍റെ രണ്ടാംഗോളും നേടിയതോടെ ആദ്യപകുതിയിൽ പി.എസ്.ജി 3-0ന് മുന്നിൽ. മത്സരം അവസാനിക്കാനിരിക്കെ റയലിന്‍റെ പെട്ടിയിൽ അവസാന ആണിയെന്നോണം 87ാം മിനിറ്റിൽ റാമോസിന്‍റെ ഗോൾ. പി.എസ്.ജിക്ക് 4-0ന്‍റെ തകർപ്പൻ ജയം. മത്സരത്തിന്‍റെ 69 ശതമാനം സമയവും പന്ത് പി.എസ്.ജിയുടെ കാലിലായിരുന്നു.
സെമിയിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിനെ 2-0ന് തോൽപ്പിച്ച ചെൽസിയാണ് ക്ലബ് ലോകകപ്പ് ഫൈനലിൽ പി.എസ്.ജിയുടെ എതിരാളികൾ. ഫ്രാൻസിലെയും യൂറോപ്പിലെയും നമ്പർ വൺ കിരീടങ്ങൾ സ്വന്തമാക്കി ജൈത്രയാത്ര തുടരുന്ന പി.എസ്.ജിക്ക് ക്ലബ് ലോകകപ്പ് ട്രോഫി കൂടി നേടിയാൽ ഹാട്രിക് കിരീട നേട്ടമാകും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ